Friday, June 27, 2014

കെ എസ് ആർ ടി സിയ്ക്ക് പുതിയ സർവ്വീസുകൾ


27/06/2014-ൽ മലയാളമനോരമയിൽ വന്ന വാർത്ത.
മുകളിൽ കൊടുത്തിരിക്കുന്ന വാർത്ത ഇന്നത്തെ (27/06/2014) മലയാളമനോരമയിൽ നിന്നും. 241 ദീർഘദൂര സർവ്വീസുകൾ, നിലവിൽ സ്വകാര്യബസ്സുകൾ സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സി ഏറ്റെടുക്കുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതു വായിച്ചാൽ എന്തോ മഹാകാര്യം കെ എസ് ആർ ടി സി ചെയ്യാൻ പോകുന്നതുപോലെ തോന്നും. നിലവിൽ കെ എസ് ആർ ടി സി ഏറ്റെടുത്തിരിക്കുന്ന പല സർവ്വീസുകളും സ്വന്തം സംവിധാനത്തിന്റെ കഴിവുകേടുകൊണ്ട് നടത്താൻ പറ്റാതെയിരിക്കുന്ന കെ എസ് ആർ ടി പുതുതായി ഈ സർവ്വീസുകൾ കൂടി ഏറ്റെടുത്താൽ എന്താകും സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിവുകേടിന് ഇത്രയും നല്ല ഉദാഹരണമായ ഈ വെള്ളാനയെ ഇനിയും പുതിയ സർവ്വീസുകൾ ഏൽപ്പിക്കുന്നതെന്തിന്? 

ചെറിയ ഉദാഹരണം പറയാം എന്റെ നാട്ടിൽ (വൈപ്പിനിൽ) 23 തിരു-കൊച്ചി സർവ്വീസുകൾ നടത്താൻ കോടതി ഉത്തരവ്് സമ്പാദിച്ചാണ് കെ എസ് ആർ ടി സി എത്തുന്നത്. ആദ്യകാലത്ത് 20 സർവ്വീസ് വരെ നടത്തി. ഒടുവിൽ വിവരാവകാശ നിയമം വഴി നൽകിയ മറുപടി അനുസരിച്ച് കെ എസ് ആർ ടി സി നടത്തുന്നത് 11 ബസ്സുകൾ മാത്രം. കെ എസ് ആർ ടി സിയുടെ തിരു-കൊച്ചി ബസ്സുകൾക്ക് മാത്രമാണ് നിലവിൽ വൈപ്പിനിൽ നിന്നും നഗരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്താൻ അനുവാദമുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ എറണാകുളം നഗരത്തിൽ കെ എസ് ആർ ടി സി സിറ്റി സർവ്വീസ് ബസ്സുകൾ തുടങ്ങിയിരുന്നു. ഇന്ന് ആ ബസ്സുകളിൽ എത്രയെണ്ണം സർവ്വീസ് നടത്തുന്നുണ്ട്? 

യാത്രയ്ക്കായി കെ എസ് ആർ ടി സിയെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും ഏറ്റവും ദുരിതം അനുഭവിക്കുന്നത് ശബരിമല മണ്ഡല/മകരവിളക്ക് മഹോത്സവ സമയത്താണ്. ആകെ സർവ്വീസ് നടുത്തുന്ന 5500 ബസ്സുകളിൽ 1000 ബസ്സുകളെങ്കിലും ശബരിമല സർവ്വീസിന് ഉപയോഗിക്കും. ഫലം നേരെചൊവ്വേ സർവ്വീസ് നടന്നാലും തിങ്ങിനിറഞ്ഞ് പോകുന്ന പല റൂട്ടുകളിലും വീണ്ടും ബസ്സുകൾ കുറയും. 

എറണാകുളത്തെ മറ്റൊരു ദുരിതം ജെൻറം പദ്ധതിയിൽ കിട്ടിയ ലോഫ്ലോർ ബസ്സുകളാണ്. പറവൂരിൽ നിന്നും വ്യവസായമേഖലയായ കാക്കനാട്ടേയ്ക്ക് സർവ്വീസ് (പറവൂർ - വരാപ്പുഴ - കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീ പോർട്ട് എയർ പോർട്ട് റോഡ് - കാക്കനാട്) സർവ്വീസ് നടത്തുന്ന ഒരു ബസ്സു പോലും ഓർഡിനറി ഇല്ല. എല്ലാം ലൊ ഫ്ലോർ നോൺ എസി ബസ്സുകൾ. നിന്നു യാത്രചെയ്യാൻ സൗകര്യമില്ലാത്ത ഈ ബസ്സുകളിൽ രാവിലേയും വൈകീട്ടും തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്രചെയ്യുന്നത്. പറവൂരിൽ നിന്നും തൃപ്പൂണീത്തുറ, ചോറ്റാനിക്കര, പൂത്തോട്ട സർവ്വീസുകൾ നടത്തുന്ന തിരു-കൊച്ചി ബസ്സുകൾ ആകട്ടെ ഗോശ്രീപാലം വഴി കടന്നുപോകുന്നവയും. ഞാൻ നിത്യവും യാത്രചെയ്യുന്ന ആലുവ - പറവൂർ ദേശസാൽകൃതറൂട്ടിലും പരമാവധി ലോഫ്ലോർ ബസ്സുകൾ ഓടിച്ച് യാത്രക്കാരെ പിഴിയുകയാണ്. തൃപ്പൂണീത്തുറ - മൂവാറ്റുപുഴ, ആലുവ - പെരുമ്പാവൂർ, കോതമംഗലം റൂട്ടിലും ലോഫ്ലോർ ബസ്സുകൾ അധികം ഓടിക്കുന്നു.

കെ എസ് ആർ ടി സി ഏറ്റെടുക്കാൻ പോകുന്ന ചില ദീർഘദൂരബസ്സുകളിൽ (കോട്ടയം ജില്ലയിൽ നിന്നും ആരംഭിച്ച് പറവൂർ വഴി മലബാറിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് പോകുന്ന) ഞാനും യാത്രചെയ്തിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്കിൽ സെമി സ്ലീപ്പർ സൗകര്യത്തിൽ യാത്രചെയ്യാം. അമിതവേഗം ഇല്ല. കഴിവതും സമയകൃത്യത പാലിക്കും. സുഖകരമായ യാത്ര. ജീവനക്കാരുടെ മാന്യമായ പെരുമാറ്റം. ഇറങ്ങേണ്ട സ്റ്റോപ്പിൽ കൃത്യമായി കണ്ടക്ടർ വിളിച്ചുണർത്തും.  ഇതൊക്കെ കെ എസ് ആർ ടി സിയ്ക്ക് സാധിക്കുമോ? കെ എസ് ആർ ടി സി ഏറ്റെടുക്കുന്നതോടെ ഈ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളിൽ പലതും മാറ്റി സൂപ്പർ ഫാസ്റ്റ് / എക്സ്പ്രസ്സ് ബസ്സുകൾ ആക്കി ആളുകളെ പിഴിയുക എന്നതുമാത്രമല്ലെ കെ എസ് ആർ ടി സിയുടെ നയം? ഇവിടെയും സർക്കാർ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ചെയ്യാൻ അവസരം നൽകുക എന്നതല്ല, മറിച്ച് കെ എസ് ആർ ടി സിയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതാണ്. കെ എസ് ആർ ടി സി മന്ത്രിയായി ശ്രീ മാത്യു ടി തോമസ് ഇരുന്ന അവസരത്തിൽ ഇങ്ങനെ ചില സർവ്വീസുകൾ (ഫാസ്റ്റ് പാസെഞ്ചർ) നടത്തിയിരുന്നു. പിന്നീട് അവയ്ക്ക് എന്തു സംഭവിച്ചു?

ഇനി പുതുതായി ലഭിക്കാൻ പോകുന്ന 241 ദീർഘദൂരസർവ്വീസുകൾ ആരംഭിക്കുന്നതിന് കെ എസ് ആർ ടി സി അധികമായി ബസ്സുകൾ വാങ്ങുമോ? 241 സർവ്വീസുകൾ പുതിതായി തുടങ്ങാൻ അതിന്റെ ഇരട്ടി ബസ്സുകൾ (482 എണ്ണം) ഏറ്റവും ചുരുങ്ങിയത് വേണം. ഒപ്പം 964 ജീവനക്കാരും. അധികമായി ജീവനക്കാരെ നിയമിക്കുമോ? ഇപ്പോൾത്തന്നെ പല സർവ്വീസുകളും ജീവനക്കാരുടെ അഭാവം കൊണ്ട് റദ്ദാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതുതായി ബസ്സുകൾ വാങ്ങുന്നതും ജീവനക്കാരെ നിയമിക്കുന്നതും കെ എസ് ആർ ടി സിയുടെ വരുമാനം വർദ്ധിപ്പിക്കുമോ അതോ കുറയ്ക്കുമോ? കെ എസ് ആർ ടി സി ചെയ്യുക കുറച്ചു ബസ്സുകൾ പുതുതായി വാങ്ങും, പിന്നെ നിലവിലുള്ള കുറച്ചു സർവ്വീസുകൾ റദ്ദാക്കി ആ ബസ്സുകളേയും ജീവനക്കാരേയും പുതിയ സർവ്വീസുകൾക്കായി വിനിയോഗിക്കും. അപ്പോഴും ദുരിതം ജനങ്ങൾക്ക് തന്നെ.

എന്റെ ഈ ബ്ലോഗ് വായിക്കുന്ന കഴിവുള്ള അഭിഭാഷകർ ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥനയാണുള്ളത്. പൊതുജനങ്ങൾക്ക് ഉപകാരമാകുന്ന ഒരു കാര്യം. നിലവിൽ ഏറ്റെടുത്തിരിക്കുന്ന സർവ്വീസുകൾ നടത്തുന്നു എന്ന് ഉറപ്പാക്കാതെ കെ എസ് ആർ ടി സിയ്ക്ക് പുതിയ പെർമിറ്റുകൾ ഒന്നും സംസ്ഥാനത്ത് അനുവദിക്കരുതെന്ന ഒരു ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കോടതിയിലൂടെയോ സുപ്രീംകോടതിയിലൂടെയോ നേടിയെടുക്കണം. ഞങ്ങളെ ഇനിയും ഇങ്ങനെ ദ്രോഹിക്കാൻ കെ എസ് ആർ ടി സിയെ അനുവദിക്കരുതേ.