Friday, September 12, 2014

പീഡനമാകുന്ന ബസ്സ് യാത്ര

അറക്കാൻ കൊണ്ടുപോകുന്ന മാടുകളെ കയറ്റുന്ന ലോറിയിൽ പോലും കയറ്റാവുന്ന പരമാവധി മാടുകളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന് നിയമം ഉണ്ട്, ആ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ ചുരുങ്ങിയപക്ഷം അതിർത്തി ചെക്ക് പോസ്റ്റുകളിലെങ്കിലും സംവിധാനങ്ങൾ ഉണ്ട്. ഇനി അതിർത്തി വിട്ട് ഹൈവേയിലൂടെ പോകുമ്പോൾ മാടുകളെ കൂടുതലായി കെട്ടിയിടുകയോ, തളർച്ച ബാധിച്ച മാടുകളെ കാണുകയോ ചെയ്താൽ ആ വിവരം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാദ്ധ്യമങ്ങളും വാർത്താമാദ്ധ്യമങ്ങളിൽ തിളങ്ങിനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഹൈക്കോടതി ന്യായാധിപന്മാരും ഉണ്ട്. എന്നാൽ ഈ മാടുകളുടെ അവസ്ഥതന്നെയാണ് കേരളത്തിലെ പല പൊതുഗതാഗതസംവിധാനങ്ങളിലും യാത്രചെയ്യാൻ വിധിക്കപ്പെട്ട എന്നെപ്പോലുള്ള ഒരു ശരാശരി മലയാളിയുടേയും. ഇന്നുവരെ അമിതമായി ആളെ വാതിലിൽ വരെ തൂക്കിയിട്ടു കൊണ്ടുപോകുന്ന ഒരു ബസ്സിനെയും തടഞ്ഞു നിറുത്തി ആ അവസ്ഥയ്ക്ക് കാരണക്കാരായവരെ ഒരു ഹൈക്കോടതി ന്യായാധിപനും ചോദ്യം ചെയ്തതായി പത്രവാർത്തകളിൽ വായിച്ചിട്ടില്ല, ഒരു മാദ്ധ്യമവും ഇതിനെതിരെ പരമ്പരകൾ തയ്യാറാക്കിയിട്ടില്ല. മാടിന്റെ വിലപോലും മനുഷ്യനില്ലാതായിരിക്കുന്നു എന്ന് കരുതേണ്ടി വരും.


ഈ ചിത്രം കാക്കനാട് - (സീ പോർട്ട് എയർപോർട്ട് റോഡ്) കളമശ്ശേരി - (കണ്ടെയ്നർ റോഡ്) വരാപ്പുഴ - (നാഷണൽ ഹൈവെ-17) പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ജൻറം ബസ്സിൽ നിന്നും. വൈകീട്ട് അഞ്ചു മണിയ്ക്ക് ശേഷം ഈ റൂട്ടിൽ ഒരു ജൻറം ബസ്സാണ് സർവ്വീസ് നടത്തുന്നത്. അതും നിറയെ യാത്രക്കാരുമായി. പിന്നിലെ വാതിൽ പലപ്പോഴും അടയ്ക്കാൻ പറ്റാത്ത വിധമാണ് വരാപ്പുഴ വരെ യാത്ര. അങ്ങനെ തങ്ങളുടെ ദുരവസ്ഥ യാത്രക്കാര സ്ഥിരമായി പറവൂർ ജനപ്രതിനിധിയും ഭരണകക്ഷിയായ കോൺഗ്ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവും ആയ Adv.V D Satheesan ഉൾപ്പടെ പല അധികാരികളേയും അറിയിച്ചു. ഒടുവിൽ രണ്ടു മാസം മുൻപ് ഒരു ബസ്സുകൂടി ഈ റൂട്ടിൽ അനുവദിച്ചു. ദോഷം പറയരുതല്ലെ അതും ജൻറം തന്നെ. ജനങ്ങൾ 'സുഖമായി' യാത്രചെയ്യട്ടെ എന്ന് കരുതിയാവും. ദേശസാൽകൃത റൂട്ടായതിനാൽ KSRTC മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ സർവ്വീസിനു ചില പ്രത്യേകതകൾ ഉണ്ട്. ഞായറാഴ്ചകൾ, സർക്കാർ അവധി ദിവസങ്ങൾ, രണ്ടാം ശനിയാഴ്ചകൾ എന്നിങ്ങനെ വിശേഷ ദിവസങ്ങളിൽ ഈ സർവ്വീസ് ഉണ്ടാവില്ല. ബാക്കി ദിവസങ്ങളിൽ കൃത്യമായി രണ്ടു ബസ്സും ഓടും എന്നതിനും ഉറപ്പില്ല. ഇന്നും ഒരു ബസ്സുമാത്രമാണ് സർവ്വീസ് നടത്തിയത്. കളമശ്ശേരിയിൽ നിന്നും കയറിയിട്ട് രണ്ടുകാലും നിലത്തുകുത്താം എന്ന അവസ്ഥ വന്നത് വരാപ്പുഴ SNDP Jn കഴിഞ്ഞപ്പോൾ. ആ സമയത്ത് എടുത്ത ചിത്രമാണ്. 

കക്കനാട് മുതൽ പറവൂർ വരെ നല്ലപോലെ യാത്രക്കാരുള്ളതാണ് ഈ റൂട്ട്. രണ്ട് ബസ്സ് സർവ്വീസ് നടത്തിയാലും കാക്കനാട് നിന്നും കയറുന്ന ആളുകൾ എഴുപത്തിയഞ്ചു ശതമാനത്തിലധികം ദൂരം യാത്ര ചെയ്യുന്നവരാണ്. കളമശ്ശേരിയിൽ നിന്നും കയറുന്ന എന്നെപ്പോലുള്ളവർക്ക് സീറ്റ് കിട്ടണമെങ്കിൽ ആകെ ദൂരത്തിന്റെ 75% കഴിയണം എന്നർത്ഥം. എന്നാലും കുഴപ്പമില്ല. നേരെ ചൊവ്വേ നിൽക്കാനെങ്കിലും സാധിച്ചാൽ മതിയായിരുന്നു. ബസ്സിന്റെ പുറകിലെ വാതിൽ വരെയുള്ള സ്ഥലത്ത് എങ്ങനെയെങ്കിലും നിൽക്കാം അതിനും പുറകിൽ നിൽക്കാൻ തീരെ നിർവ്വാഹമില്ല. രാവിലെ ആലുവയിൽ നിന്നും വരുന്ന എ സി ജൻറം ബസ്സിൽ (8 -9 മണിസമയത്ത്) പോലും ഇതേ അവസ്ഥയാണ്. Motor Vehicles Department Kerala ഇപ്പോൾ അമിതമായി യാത്രക്കാരെ കയറ്റുന്ന സ്വകാര്യബസ്സുകൾക്കെതിരെ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപ്പോൾ സർക്കാർ വണ്ടിയുടെ കാര്യം പറയണോ? കെ എസ് ആർ ടി സി അധികൃതരോട് ഒന്നേ അഭ്യർത്ഥിക്കാനുള്ളൂ സംസ്ഥാനത്ത് ലോറികളിൽ കൊണ്ടുപോകുന്ന അറവുമാടുകൾക്ക് കൊടുക്കുന്ന നിയമ പരിരക്ഷയെങ്കിലും ഞങ്ങൾ യാത്രക്കാർക്ക് തരുക. അതുപോലെ മാദ്ധ്യമങ്ങളും ഈ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണം. എ സി കാറിൽ പോകുമ്പോൾ അറവുമാടുകളുമായി പോകുന്ന വണ്ടികൾ പോലും തടഞ്ഞുനിറുത്തി പോലീസിനെ വിളിച്ചുവരുത്തി നിയമപരിപാലനം ഉറപ്പാക്കുന്ന ബഹുമാന്യരായ ന്യായാധിപന്മാർക്കും ഈ വിഷയത്തിലും ഇടപെടാവുന്നതാണ്.

ഈ റൂട്ട് ദേശസാൽകൃതമാണെന്ന് നേരത്തെ തന്നെ പറഞ്ഞല്ലൊ. കേരളത്തിലെ പല ദേശസാൽകൃത റൂട്ടുകളിലും സ്വകാര്യ ബസ്സ് റൂട്ടുകളിലും അവസ്ഥ ഇതൊക്കെ തന്നെ.  എന്നാൽ ദേശസാൽകൃത റൂട്ടായ ഇവിടെ മറ്റൊരു കൊള്ളകൂടി ഉണ്ട്. ഇത്രയും തിരക്കുണ്ടെങ്കിലും ആകെയുള്ള സർവ്വീസൂകൾ എല്ലാം ജൻറം ബസ്സുകളാണ്. കൂടുതൽ പണം നൽകി കൂടുതൽ കഷ്ടത അനുഭവിച്ച് യാത്രചെയ്യുക. 

Friday, August 08, 2014

അമിതചാർജ്ജ് ഈടാക്കുന്ന സ്വകാര്യബസ്സുകൾ

Attuparambath KL-46F-6660 (08/08/2014)
ഇത് ഇന്ന് ഉച്ചയ്ക്ക് പറവൂരിൽ (വടക്കൻ പറവൂർ, എറണാകുളം ജില്ല) നിന്നും ഇടപ്പള്ളി വരെ ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ (ആർ സി നമ്പർ KL-46F-6660) യാത്രചെയ്ത ടിക്കറ്റ് ആണ്. എറണാകുളം ആർ ടി എ അംഗീകരിച്ച നിരക്ക് പറവൂരിൽ നിന്നും വരാപ്പുഴ പാലം വഴി ഇടപ്പള്ളി വരെ 17രൂപയാണ്. പറവൂരിൽ നിന്നും ഇടപ്പള്ളിവരെയുള്ള ദൂരം 17 കിലോമീറ്റർ ആണെന്നും ഏറ്റവും പുതിയ നിരക്കനുസരിച്ച് (20/05/2014-ൽ പുതുക്കിയ നിരക്ക്) ഒരു കിലോമീറ്റർ ഓർഡിനറി ബസ്സിൽ യാത്രചെയ്യുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക 64 പൈസയാണെന്നും ഓർക്കുന്നത് നല്ലതായിരിക്കും. അതായത് 17 കിലോമീറ്റർ സംഞ്ചരിക്കുന്നതിന് 11രൂപ (17 X 0.64 = 10.88 & round off). അപ്പോൾ ഈ നിരക്ക് തന്നെ എത്ര അശാസ്ത്രീയമാണെന്ന് വ്യക്തം. എന്നാൽ ഈ നിരക്കും തൃശൂർ കേന്ദ്രമായുള്ള ചില സ്വകാര്യബസ്സ് മുതലാളിമാർ അംഗീകരിച്ചിട്ടില്ല. അവരെ സംബന്ധിച്ച് മഞ്ഞുമ്മൽ കവല എന്ന ഫെയർസ്റ്റേജ് എടുത്ത് മാറ്റിയ (അശാസ്‌ത്രീയമായ ഫെയർ സ്റ്റേജ് സമ്പ്രദായത്തെക്കുറിച്ച് നിരന്തരമായ പരാതികൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ആണ് എറണാകുളം ആർ ടി എ ഇങ്ങനെയൊരു തീരുമാനം എടുത്തത്) എറണാകുളം ആർ ടി എയുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ ഇന്നു ഞാൻ യാത്രചെയ്ത ആറ്റുപറമ്പത്തിലെ കണ്ടക്‌ടറുമായി തർക്കിച്ചു. അദ്ദേഹം പറഞ്ഞത് എറണാകുളം ആർ ടി എയുടെ തീരുമാനത്തിനെതിരെ മുതലാളിമാർ കേസിനുപോയെന്നും മുതലാളിമാർക്ക് അനുകൂലമായ വിധി ഉണ്ടായി എന്നുമാണ്. എന്നാൽ അതൊന്നറിയണമല്ലൊ. ബസ്സിൽ വച്ചുതന്നെ എറണാകുളം ആർ ടി ഒയെ വിളിച്ചു. എന്തോ അദ്ദേഹം തിരക്കിലായിരുന്നു എന്ന് തോന്നുന്നു. ഫോൺ റിങ്ങ് ചെയ്തതല്ലാതെ അറ്റന്റ് ചെയ്തില്ല. നിരാശതോന്നി എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുവിളിച്ചു കാര്യം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞത് അങ്ങനെ ഒരു കോടതിവിധി ഉണ്ടായിട്ടില്ല എന്നാണ്. ഇത്തരം പരാതി ഉണ്ടെന്നും ഇതിന്മേൽ തൃശൂർ ആർ ടി ഒയാണ് നടപടി എടുക്കേണ്ടത് എന്നുമാണ്. ഈ വിഷയത്തിൽ വകുപ്പുതലത്തിലുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേവിഷയം ഞാൻ 20/05/2014-ൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ ഉന്നയിച്ചിരുന്നു. അന്നും എനിക്ക് കിട്ടിയ മറുപടി ഇതുതന്നെയാണ്. അന്വേഷണം നടപടികൾ എന്നിവ നടക്കുന്നു. സർക്കാരുകാര്യം അല്ലെ നടപടി ഉണ്ടാകുമായിരിക്കും. അങ്ങനെ പ്രതീക്ഷിക്കാം.

Attuparambath KL-46A-3006 (19/05/2014)

കഴിഞ്ഞ തവണത്തേതിൽ നിന്നും കൂടുതൽ ആസൂത്രിതമാണോ ബസ്സുടമകളുടെ നടപടി എന്നും സംശയിക്കുന്നു. കഴിഞ്ഞതവണ ടിക്കറ്റിലെ തീയതിയും സമയവും കൃത്യമായിരുന്നു. ഇത്തവണ ഒരുപാടു പഴയതീയതിയാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 21/09/2009 സമയവും തെറ്റ്. ആരും പരാതിയും കൊണ്ട് പോകതിരിക്കാനാണോ എന്നറിയില്ല. അതും കണ്ടക്ടറോട് ചോദിച്ചു അതൊന്നും അവർ ശ്രദ്ധിക്കാറില്ലത്രെ.
ഇനി എന്റെ സംശയങ്ങൾ. എറണാകുളം ആർ ടി എ എന്നത് എറണാകുളം ജില്ലാകളക്‌ടറും, മദ്ധ്യമേഖലാ ട്രാൻസ്പോർട്ട് കമ്മീഷണറും, എറണാകുളം റൂറൽ പോലീസ് സൂപ്രണ്ടും അടങ്ങുന്ന സമിതയാണ്. അദ്ധ്യക്ഷൻ ജില്ലാ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാകളക്ടർ. ഇങ്ങനെ ഒരു സമിതിയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ഇത്രയും കാലതാമസം ഉണ്ടാകുമോ? ഈ തീരുമാനം എടുത്തവിവരം തൊട്ടടുത്ത തൃശൂർ ആർ ടി എ മീറ്റിങ്ങിൽ അവതരിപ്പിച്ച് അംഗീകരികപ്പെടേണ്ടതുമാണ്. ആറുമാസമായിട്ടും ഈ വിവരം തൃശൂർ ആർ ടി എയിൽ അവതരിപ്പിക്കാനും അംഗീകരിക്കാനും കഴിഞ്ഞിട്ടില്ലെ? അതൊ ജനങ്ങളെ വിഢികളാക്കുന്നതാണോ? മാതൃഭൂമി ഈ വിഷയത്തിൽ 14/04/2014-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് സ്വകാര്യബസ്സ് മുതലാളിമാർ 12 ലക്ഷത്തോളം രൂപയാണ് യാത്രക്കാരിൽ നിന്നും അമിതമായി ഈടാക്കുന്നത്. ഇനിയെങ്കിലും അടിയന്തിരമായ നടപടി മോട്ടോർവാഹനവകുപ്പിന്റേയും ജില്ലാ പോലീസ് മോധാവികളുടേയും പക്കൽ നിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു
ഈ വിഷയത്തിൽ താഴെ പരാമർശിക്കുന്ന് ലിങ്കുകളും താല്പര്യമുള്ളവർക്ക് നോക്കാവുന്നതാണ്.
  1. പറവൂർ - വരാപ്പുഴ - ഇടപ്പള്ളി -വൈറ്റില റൂട്ടിൽ അമിതമായ ചാർജ്ജ് ഈടാക്കുന്ന സ്വകാര്യബസ്സുകളെക്കുറിച്ച് മാതൃഭൂമി 14/04/2014-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
  2. ഈ വിഷയത്തിൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ 20/05/2014-ൽ ഞാൻ ചേർത്ത പരാതി. ഇവിടെ ക്ലിക്ക് ചെയ്യുക
  3. ഈ വിഷയത്തിൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ 08/08/2014-ൽ ഞാൻ ചേർത്ത പരാതി. ഇവിടെ ക്ലിക്ക് ചെയ്യുക
  4. ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം

Thursday, August 07, 2014

എറണാകുളം ജില്ലാകളക്‌ടർക്ക് ഒരു തുറന്ന കത്ത്

രാത്രികാലങ്ങളിൽ ട്രിപ്പുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരക്കുന്നതാണെന്ന എറണാകുളം ആർ ടി എ തീരുമാനം ഷെയർ ചെയ്തു കൊണ്ട് എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ് ബുക്ക് പേജിൽ ചേർത്തുകണ്ട പേപ്പർ കട്ടിങ് ആണ് ഇത്തരത്തിൽ എഴുതാൻ കാരണം. പത്രവാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു.
ഈ ചിത്രം പോസ്റ്റ് ചെയ്ത എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത മറുപടി ചുവടെ ചേർക്കുന്നു.

ബഹുമാനപ്പെട്ട ജില്ലാ കളക്‌ടറോടുള്ള എല്ലാ ആദവും നിലനിറുത്തിക്കൊണ്ട് പറയട്ടെ ഇങ്ങനെ പരിഹസിക്കരുത് സർ. എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ ട്രിപ്പ് മുടക്കുന്ന ബസ്സുകൾക്കെതിരെ പല തവണപരാതികൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇത്തരത്തിൽ എന്റെ പരാതി മുൻകളക്‌ടർ ഷെയ്ക് പരീത് ചെയർമാനായ 03/10/2013-ലെ ആർ ടി എ യോഗം പരിഗണിച്ചിരുന്നു (സപ്ലിമെന്ററി ഐറ്റം 16, G/5956/2013/E) . ആ യോഗത്തിൽ ഞാൻ പങ്കെടുക്കുകയും 01/10/2013-ൽ സർവ്വീസ് നടത്തിയ ബസ്സുകളുടെ വിവരം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആർ ടി എ യോഗത്തിന്റെ തീരുമാനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ എന്റെ അപേക്ഷയിൽ അന്വേഷിച്ച് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആർ ടി എ സെക്രട്ടറി കൂടിയായ എറണാകുളം ആർ ടി ഒയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ അൻവേഷണം നടത്തി സർവ്വീസുകൾ റദ്ദാക്കുന്ന ബസ്സുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ പല വിവരാവകാശ അപേക്ഷകളും എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ വിശദവിവരങ്ങൾ എന്റെ ബ്ലോഗിൽ ലഭ്യമാണ്. ആർ ടി ഒ നൽകിയ മറുപടി തൃപ്തികരമല്ലെന്നും അതിനാൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് അങ്ങേയ്ക്കും ഞാൻ (05/04/2014-ൽ) പരാതി സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ഈ വിഷയത്തിൽ നടപടികൾ എടുത്തതായി അറിവില്ല. പറവൂർ - വരാപ്പുഴ - വൈറ്റില റൂട്ടിൽ ചേരാനെല്ലൂർ ജങ്ഷൻ എന്ന ഫെയർ സ്റ്റേജ് എടുത്തു മാറ്റിക്കൊണ്ട് എറണാകുളം ആർ ടി എ യുടെ തീരുമാനം വന്നിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നുട്ടും തൃശൂർ കേന്ദ്രമായ ചില സ്വകാര്യബസ്സുടമകൾ ഇപ്പോഴും ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് അമിതമായ ചാർജ്ജ് ഈടാക്കുന്നു. ഇതുസംബന്ധിച്ച് രേഖാമൂലം തന്നെ എറണാകുളം ആർ ടി ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും ആ ബസ്സുകൾ ഇന്നും അമിതചാർജ്ജ് വാങ്ങി സർവ്വീസ് നടത്തുന്നു. കേരളം ഭരിക്കുന്ന രാഷ്‌ട്രീയപാർട്ടികളെ താങ്ങി നിറുത്തുന്ന പണശ്രോതസ്സുകളിൽ ഒന്ന് സ്വകാര്യബസ്സുമുതലാളിമാരാണെന്ന സത്യം ഞങ്ങൾ പൊതുജനം മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ അവരെ ഒന്നും ചെയ്യാൻ നിങ്ങൾ ഉദ്യോഗസ്ഥന്മാർക്ക് സാധിക്കില്ല. ആ സത്യാവസ്ഥയോടും ഞങ്ങൾ പരിശീലിക്കാൻ ശ്രമിക്കുകയാണ്. അതിനിടയിൽ ഇത്തരം പത്രവാർത്തകൾ ഇറക്കി ഞങ്ങളെ വെറുതെ മോഹിപ്പിക്കരുത്. രാത്രികാലങ്ങളിൽ ഓട്ടോ പിടിച്ച് ഇപ്പോഴത്തെപ്പോലെ തന്നെ പോകാനുള്ള ഞങ്ങളുടെ വിധിയിൽ ഞങ്ങൾ തുടർന്നുകൊള്ളാം. 

(രാത്രികാലങ്ങളിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾക്കെതിരെയുള്ള എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനാഗ്രഹമുള്ളവർക്ക് ഈ ബ്ലോഗ് സന്ദർശിക്കാം http://manikandanov.blogspot.in/)

Sunday, July 06, 2014

മൂലമ്പിള്ളി വികസനപാതയിലെ കറുത്ത ഏട്

മൂലമ്പിള്ളി ഗൂഗിൾ മാപ്പ്

മൂലമ്പിള്ളി മലയാളികൾ ഒരു പക്ഷെ ഈ സ്ഥലനാമം അത്രപെട്ടന്ന് മറന്നുകാണും എന്ന് ഞാൻ കരുതുന്നില്ല. മൂലമ്പിള്ളി ഒരു ചെറിയ ദ്വീപാണ്. എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമപഞ്ചായത്തിൽ പെടുന്ന ദ്വീപ്. ഈ ദ്വീപ് ഒരു കാലത്ത് കളിമൺ പാത്രങ്ങൾക്ക് പേരുകേട്ടതായിരുന്നു എങ്കിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ ദ്വീപ് കേരളത്തിലെ വാർത്താമാദ്ധ്യമങ്ങളിൽ ഇടം‌പിടിക്കുന്നത് വികസനത്തിനുവേണ്ടി നടന്ന് കുടിയൊഴിപ്പിക്കലിന്റെ പേരിൽ ആണ്. എറണാകുളത്തു തന്നെ വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ്  ടെർമിനലിന്റെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലിന്റെ പേരിൽ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നിരവധി സമരങ്ങൾക്കാണ് മൂലമ്പിള്ളി സാക്ഷ്യം വഹിച്ചത്. ഒടുവിൽ എറണാകുളം ജില്ലാകളക്‌ടർ ആയിരുന്ന മുഹമ്മദ് ഹനീഷിന്റെ ഉത്തരവിൽ ജില്ലാഭരണകൂടം 2008 ഫെബ്രുവരി 6ന് മൂലമ്പിള്ളിയിലെ നിരവധി നിവാാസികളെ തങ്ങളുടെ അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അവരുടെ വീടുകളിൽ നിന്നും പുറത്താക്കി. തുടർന്ന് അവരുടെ വീടുകൾ ഇടിച്ചു നിരത്തി. അന്ന് തികച്ചും ഞെട്ടലോടെയാണ് കേരളത്തിലെ മനുഷ്യത്വം ഉള്ളവർ വിവിധ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ആ ദൃശ്യങ്ങൾ കണ്ടത്. വയോവൃദ്ധരെ വീടിനു വെളിയിലാക്കി, അന്നത്തേയ്ക്ക് വെച്ച ആഹാരസാധനങ്ങൾ വലിച്ചെറിഞ്ഞു, വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ വരെ നശിപ്പിച്ചു. തികച്ചും കാടത്തമായ നടപടി. സർക്കാർ സ്പേൺസർചെയ്ത ഗുണ്ടായിസം അതാണ് അന്ന് മൂലമ്പള്ളിയിൽ നടന്ന്. മൂലമ്പള്ളിയെ കേരളത്തിലെ സിങ്കൂർ എന്നാണ് പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഹാശ്വേതാ ദേവി വിശേഷിപ്പിച്ചത്. 

മൂലമ്പിള്ളി കുടിയോഴിപ്പിക്കലിന്റെ ദൃശ്യങ്ങൾ ഇവിടെ കാണാം

മൂലമ്പള്ളിയിൽ ഈ സംഭവങ്ങൾ നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് സഖാവ് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ എൽ ഡി എഫ് സർക്കാരാണ്. എന്നാൽ മൂലമ്പള്ളിയിൽ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും സഖാവ് വി എസ് അച്യുതാനന്ദൻ കൈകഴുകുകയായിരുന്നു. തന്റെ അറിവോടെ അല്ല ഈ സംഭവങ്ങൾ നടന്നതെന്ന് അദ്ദേഹം പറയുന്നു. താൻ കേരളത്തിൽ ഇല്ലാതിരുന്ന അവസരത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം കേട്ട് 'മൂത്രമൊഴിക്കാൻ മുട്ടിയ എറണാകുളം ജില്ലകളക്‌ടർ' അടുത്തുചാടി നടത്തിയ നടപടി ആയിരുന്നു മൂലമ്പള്ളിയിലേതെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കുടിയൊഴിക്കപ്പെട്ടവർക്ക് പല പുനരധിവാസപാക്കേജുകളും പ്രഖ്യാപിക്കപ്പെട്ടു. അച്യുതാനന്ദൻ സർക്കാരിനു വേണ്ടി അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ ഒപ്പുവെച്ച പുനരധിവാസ നടപടികൾ അച്യുതാനന്ദൻ പടിയിറങ്ങുന്നതുവരെ ഒന്നും നടപ്പിലായില്ല. 

തുടർന്നു നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന് മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കലും അവരുടെ പുനരധിവാസവും ആയിരുന്നു. മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കൽ യു ഡി എഫ് രാഷ്‌ട്രീയ ആയുധവുമാക്കി. തിരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ വന്നു. മൂലമ്പള്ളിക്കാർക്കായുള്ള പ്രഖ്യാപനങ്ങളിൽ കുറവൊന്നും ഉണ്ടായില്ല. തന്റെ പ്രധാനപ്പെട്ട നടപടികളിൽ ഒന്ന് മൂലമ്പിള്ളി പുനഃരധിവസം ആണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ ഔദ്യോഗീക വെബ്സൈറ്റിൽ പറയുന്നുണ്ട്. 

മൂലമ്പിള്ളിയിൽ നിന്നും 316 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ട് ഇന്ന് 6 വർഷത്തിൽ അധികം പിന്നിടുന്നു. വിവിധ രാഷ്‌ട്രീയകക്ഷികൾ ഇവർക്ക് നൽകിയ വാഗ്ദാനങ്ങൾ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ ഇന്നത്തെ (05/07/2014) മലയാളമനോരമ പത്രത്തിന്റെ മെട്രോ എഡീഷൻ നോക്കിയാൽ മതി. 316 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടതിൽ ഇതുവരെ വീടുവെച്ച് താമസിക്കാനായത് 35 കുടുംബങ്ങൾക്ക് മാത്രം. രണ്ട് സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങളിൽ പലതും കടലാസിൽ മാത്രം ഒതുങ്ങുന്നു. പുനരധിവാസത്തിനായി സർക്കാർ നൽകിയിരിക്കുന്ന സ്ഥലത്തിന് ഭൂരിപക്ഷം പേർക്കും കിട്ടിയിരിക്കുന്നത് പുറമ്പോക്ക് പട്ടയമാണ്. ഇത് 25 വർഷത്തേയ്ക്ക് വായ്പക്കായി ഈടുവെയ്ക്കാൻ പോലും സാധിക്കില്ല. മൂലമ്പള്ളിയിൽ സകലതും നഷ്ടപ്പെട്ട് വഴിയാധാരമായവർ വായ്പയെടുക്കാതെ എങ്ങനെ വീടുവെയ്ക്കും, വായ്പയ്ക് അവർ എന്ത് ഈടുനൽകും. 
05/07/2014-ലെ മലയാളമനോരം മെട്രോ വാർത്ത
കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ തിരഞ്ഞെടുത്തത് 7 സ്ഥലങ്ങൾ ആണ്. ഇതിൽ ആറും പുഴയോരം നികത്തിയെടുത്തത്. ഇവിടെ വാസയോഗ്യമായ രീതിയിൽ നികത്തി വെള്ളവും വൈദ്യുതിയും ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരളഹൈക്കോടതിയുടെ ഉത്തരവ് വേണ്ടിവന്നു. മൂലമ്പള്ളിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ചർച്ചചെയ്ത് 2011 ജൂൺ 6ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളിചേർത്ത യോഗത്തിന്റെ തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് പുനരധിവാസം നിരീക്ഷിക്കുന്നതിന് (monitoring) ജില്ലാ കളക്‌ടർ അദ്ധ്യക്ഷനായ ഒരു സമിതിയുടെ രൂപീകരണം ആയിരുന്നു. ഈ സമിതിയിൽ റവന്യു, ജല അതോറിറ്റി, കെ എസ് ഇ ബി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികളും മൂലമ്പിള്ളി കൊ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസീസ് കളത്തുങ്കൽ, ചെയർമാൻ സി ആർ നീലകണ്ഠൻ എന്നിവർ അംഗങ്ങളും ആണ്. ഒരോ മാസവും ഈ കമ്മറ്റി യോഗം ചേർന്ന് മൂലമ്പിള്ളിയിലെ പുനരധിവാസത്തിന്റെ പുരോഗതി സംബന്ധിക്കുന്ന റിപ്പോർട്ട് റവന്യു മന്ത്രിയ്ക്ക് നൽകണം എന്നായിരുന്നു തീരുമാനം. ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ഒരുവർഷമായിട്ട് ഈ സമതി യോഗം ചേർന്നിട്ടില്ല എന്നതാണെന്ന് മനോരമ റിപ്പോർട്ട് പറയുന്നു. സർക്കാർ പുനരധിവാസത്തിനായി കണ്ടെത്തിയ 7 സ്ഥലങ്ങളിലേയും അവിടെ പുനരധിവസിപ്പിക്കാൻ തീരുമാനിക്കപ്പെട്ട 304 കുടുംബങ്ങളുടേയും പുനരധിവാസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ റിപ്പോർട്ടിൽ പറയുന്നുണ്ട്. അത് താഴെ ചേർക്കുന്നു.

വടുതല (ചേരാനല്ലൂർ) 22/93: രണ്ടാമത്തെ വലിയ പുനരധിവാസ ഭൂമി. 93 കുടുംബങ്ങൾക്കായി 4.22 ഏക്കർ സ്ഥലം അനുവദിച്ചിരിക്കുന്നു. ഇതിൽ വീടുവെച്ച് താമസമാക്കിയത് 22 പേർ മാത്രം. വൈദ്യുതി, വെള്ളം, റോഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്രയേറെ കുടുംബങ്ങൾക്കുള്ള ഡ്രെയിനേജ് സംവിധാനം പര്യാപ്തമല്ല. റോഡിന്റെ കാര്യം പരിതാപകരം. ഒരു പ്ലോട്ട് ഇപ്പോഴും പൂർണ്ണമായും വെള്ളത്തിന്റെ അടിയിൽ ആണ്. കായലോരത്തെ ഭൂമിയിൽ വെള്ളം കയറാതിരിക്കാൻ കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തികെട്ടാൻ തീരുമാനിച്ച് 4 വർഷം മുൻപ് 28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. സംരക്ഷണഭിത്തി ഇപ്പോഴും കടലാസിൽ മാത്രം.

തൈക്കാവ്കുളം (ചേരാനെല്ലൂർ) 0/6: 6 കുടുംബങ്ങൾക്കായി 30 സെന്റ് ഭൂമിയാണ് ഇവിടെ കണ്ടെത്തിയത്. പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ ഭൂമികളിൽ ഏറ്റവും മികച്ചതും തീരദേശപരിപാലനനിയമത്തിന്റെ പരിധിയിൽ വരാത്തതുമായ ഭൂമി ഇതാണ്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന തർക്കം കോടതിയിൽ ആയതിനാൽ ഭൂമി അനുവദിച്ചുകിട്ടിയതിൽ ആർക്കും ഇവിടെ വീട് പണിയാൻ സാധിച്ചിട്ടില്ല.

തുതിയൂർ (കാക്കനാട്)2/160: കാക്കനാട് വ്യവസായമേഖലയ്ക്ക് സമീപം കടമ്പ്രയാറിന്റെ തീരത്ത് രണ്ട് പുനരധിവാസഭൂമികൾ ആണ് ഉള്ളത്. ഇതിൽ ഇന്ദിരാനഗർ കോളനിയോട് ചേർന്നുള്ള 7.57 ഏക്കർ ഭൂമിയാണ് ഏറ്റവും വലിയ പുനരധിവാസ കേന്ദ്രം. 104 കുടുംബങ്ങൾക്ക് ഇവിടെ പുനരധിവാസം അനുവദിച്ചെങ്കിലും ഇതുവരെ ഇവിടെ വീട് വെച്ച് മാറിയത് ഒരു കുടുംബം മാത്രം. അടിസ്ഥാന  സൗകര്യങ്ങൾ വേണ്ടത്ര ഒരുക്കിയിട്ടില്ല. തുതിയൂരിൽ തന്നെ കരുണാകരപിള്ള റോഡിനോട് ചേർന്നുള്ള 2.41 ഏക്കർ ഭൂമിയിൽ ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ നിന്നും കുടിയൊഴിപ്പിച്ച 56 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു അതിലും ഒരാൾ മാത്രമാണ് വീട് വെച്ചത്. പട്ടയം അനുസരിച്ച് 4 സെന്റ് ഭൂമിയാണ് അനുവദിച്ചത് എങ്കിലും അളന്നുവന്നപ്പോൾ മൂന്നേമുക്കാൽ സെന്റ് ഭൂമി മാത്രമാണ് ഓരോ കുടുംബത്തിനും ലഭിച്ചത്. ഈ പോരായ്മ പരിഹരിക്കപ്പെടാത്തതിനാൽ ഇവിടത്തെ വീടുകളുടെ പ്ലാനിനും അംഗീകാരം ലഭിച്ചിട്ടില്ല.

കോതാട് (കടമക്കുടി) 3/15: 15 കുടുംബങ്ങൾക്കായി ഒരേക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. മണ്ണിട്ട് നികത്തി റോഡ് വെള്ളം വൈദ്യുതി എന്നിവ എത്തിച്ചു എങ്കിലും ഇതുവരെ വീട് വെച്ചു താമസിച്ചത് മൂന്ന് കുടുംബങ്ങൾ മാത്രം.

പൊന്നാരിമംഗലം (മുളവുകാട്) 0/14: 14 കുടുംബങ്ങൾക്ക് 90 സെന്റ് ഭൂമിയാണ് ഇവിടെ അനുവദിച്ചത്. എന്നാൽ തീരദേശപരിപാലന നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് ആർക്കും ഇതുവരെ ഇവിടെ വീടുവെയ്ക്കാൻ സാധിച്ചിട്ടില്ല. രണ്ട് മാസം മുൻപ് മാത്രമാണ് ഇവിടെ തീരദേശപരിപാലനനിയമത്തിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് തീരുമാനം ഉണ്ടായത്. മുളവുകാട് പോഞ്ഞിക്കരയിൽ ഒരാൾക്ക് അനുവദിച്ച നാലുസെന്റ ഭൂമിയിൽ നേരത്തെ തന്നെ വീട് പണികഴിഞ്ഞ് താമസിച്ചു.

കോരാമ്പാടം (കടമക്കുടി) 3/4: ഇവിടെ 13 സെന്റിൽ മൂന്നു കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചതിൽ രണ്ട് കുടുംബങ്ങൾ വീടുവെച്ചും ഒരാൾ കുടിൽ കെട്ടിയും താമസിക്കുന്നു. അതിനു സമീപത്ത് ഒരാൾക്ക് 6 സെന്റ് സ്ഥലം നല്കിയെങ്കിലും ആ സ്ഥലം പൂർണ്ണമായും വെള്ളക്കെട്ടിലാണ്.

മൂലമ്പള്ളി (കടമക്കുടി) 4/13: വിവാദമായ മൂലമ്പള്ളി കുടിയൊഴിപ്പിക്കലിൽ ഉൾപ്പെട്ട 22 കുടുംബങ്ങളിൽ 13 കുടുംബങ്ങൾക്കാണ് കുടിയൊഴിപ്പിക്കൽ നടന്ന സ്ഥലത്തുനിന്നും അര കിലോമീറ്റർ മാറി കണ്ടെയ്നർ റോഡിനോട് ചേർന്നുള്ള 1.2ഏക്കർ കായൽ പുറമ്പോക്ക് ഭൂമി അനുവദിച്ചത്. ഇതിൽ ഇതുവരെ വീടെവെച്ച് താമസമായത് 4 കുടുംബങ്ങൾ മാത്രം.ബാക്കി സ്ഥലം കാടുപിടിച്ചു കിടക്കുന്നു. വെള്ളവും വൈദ്യുതി കണക്ഷനും റോഡും ഒരുക്കിയിട്ടുണ്ട്.

കേരളത്തിന്റെ ഹൈവേകൾ 45 മീറ്റർ വീതിയിൽ വേണം എന്ന ചർച്ചകൾ ഓൺലൈൻ വേദികളിൽ നടക്കുമ്പോൾ സ്ഥലം വിട്ടുകൊടുക്കില്ലെന്ന് വാദിക്കുന്നവരെ വിമർശിക്കുന്നവർക്ക് മുകളിലെ കണക്കുകൾ സമർപ്പിക്കുന്നു. വികസനം ആവശ്യമാണ്. അതിന് ജനങ്ങൾ തയ്യാറാവണം. പക്ഷെ മഹാഭൂരിപക്ഷത്തിന്റെ നന്മയ്ക്കും ഗുണത്തിനും വേണ്ടി ഒരു ചെറിയ വിഭാഗം ത്യാഗം ചെയ്യേണ്ടിവരുമ്പോൾ ആ വിഭാഗത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരുകൾ തയ്യാറാവണം. മൂലമ്പള്ളിയിൽ ഓരോ കുടുംബത്തിനും അഞ്ചു സെന്റ് എന്ന് പറഞ്ഞിട്ട് നൽകിയത് പുറമ്പോക്ക് പട്ടയം ആണ്. അതും 25 വർഷത്തേയ്ക്ക് വായ്പയ്ക്കായി പോലും ഈട്‌വെയ്ക്കാൻ പറ്റാത്ത പട്ടയം. വായ്പ എടുത്തല്ലാതെ അവർക്ക് വീട് പണിയാൻ സാധിക്കില്ല. അതിനുള്ള പണം എങ്ങനെ അവർ കണ്ടെത്തും. വീട് പണിയുന്നതുവരെ വാടകയ്ക്ക് താമസിക്കാൻ സർക്കാർ പണം നൽകും എന്നൊരു പ്രഖ്യാപനം ആ സമയത്ത് കേട്ടിരുന്നു. അതിന്റെ സ്ഥിതി എന്തായി എന്നറിയില്ല. അന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വിദ്യാർത്ഥികളായ മക്കളുടെ വിദ്യാഭ്യാസം അതെങ്ങനെ മുന്നോട്ട് പോയിരിക്കും. കൈക്കുഞ്ഞുങ്ങളുമായി ഒരു ദിവസം കൊണ്ട് വീട് വിട്ടിറങ്ങേണ്ടിവന്നവർ അവരുടെ ദുരവസ്ഥ. പ്രായമായവർ തങ്ങൾ ജനിച്ചുവളർന്ന മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ട ദുഃഖത്തിൽ ശിഷ്ടജീവിതം തീർത്തിരിക്കും. വികസനത്തിന്റെ പേരിൽ വഴിയാധാരമാക്കപ്പെട്ടവർ വേറെയും എറണാകുളം നഗരത്തിൽ തന്നെയുണ്ട്. പേരണ്ടൂർ - തേവരകനാലിന്റെ വശങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട് ഒരു ലോഡ്ജിന്റെ രണ്ട് മുറികൾ വീതം ലഭിച്ച് വർഷങ്ങളായി അതിൽ കഴിഞ്ഞുവരുന്ന കുടുംബങ്ങൾ. ഇങ്ങനെ വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട് വഴിയാധാരമാകുന്നവരുടെ കണ്ണീരണിയിക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.

കേരളം ഒരു പക്ഷെ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടുകൊണ്ടാവും. ഇത്തരം വികസനങ്ങൾക്ക് പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാതെ സർക്കാരുകൾക്ക് മുൻപോട്ട് പോകാൻ സാധിക്കില്ല. സർക്കാരുകൾ വാക്കുപാലിക്കില്ല എന്നതിന്റെ നല്ല ഉദാഹരണമാണ് മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ.
മൂലമ്പള്ളി സമരത്തിന്റെ ചില ഭാഗങ്ങൾ, സാമൂഹ്യ സാംസ്കാരികനായകന്മാരുടെ പ്രതികരണങ്ങൾ, കുടിയൊഴിപ്പിക്കലിന്റെ ദൃശ്യങ്ങൾ എന്നിവ മുകളിലെ യുട്യൂബ് വീഡിയോയിൽ കാണാം. വികസനത്തിന്റെ പാതയിലെ കറുത്ത ഏടാണ് മൂലമ്പള്ളി എന്നതിൽ തർക്കമില്ല. മൂലമ്പള്ളികൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനമാത്രമാണുള്ളത്. ഒപ്പം വല്ലാർപാടം പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം എത്രയും വേഗത്തിൽ പൂർത്തിയാകട്ടെ എന്നും ആഗ്രഹിക്കുന്നു.

(മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മലയാളമനോരമ മെട്രോ (കൊച്ചി എഡിഷനിൽ) 05/07/2014-ൽ അനീഷ് നായർ തയ്യാറക്കിയ ലേഖനത്തെയും ഇന്റെനെറ്റിൽ നിന്നും ലഭ്യമായ മറ്റു വിവരങ്ങളേയും ആസ്പദമാക്കിയാണ് മുകളിൽ കൊടുത്തിട്ടുള്ള ബ്ലോഗ് എഴുതിയത്.) 

Friday, June 27, 2014

കെ എസ് ആർ ടി സിയ്ക്ക് പുതിയ സർവ്വീസുകൾ


27/06/2014-ൽ മലയാളമനോരമയിൽ വന്ന വാർത്ത.
മുകളിൽ കൊടുത്തിരിക്കുന്ന വാർത്ത ഇന്നത്തെ (27/06/2014) മലയാളമനോരമയിൽ നിന്നും. 241 ദീർഘദൂര സർവ്വീസുകൾ, നിലവിൽ സ്വകാര്യബസ്സുകൾ സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സി ഏറ്റെടുക്കുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതു വായിച്ചാൽ എന്തോ മഹാകാര്യം കെ എസ് ആർ ടി സി ചെയ്യാൻ പോകുന്നതുപോലെ തോന്നും. നിലവിൽ കെ എസ് ആർ ടി സി ഏറ്റെടുത്തിരിക്കുന്ന പല സർവ്വീസുകളും സ്വന്തം സംവിധാനത്തിന്റെ കഴിവുകേടുകൊണ്ട് നടത്താൻ പറ്റാതെയിരിക്കുന്ന കെ എസ് ആർ ടി പുതുതായി ഈ സർവ്വീസുകൾ കൂടി ഏറ്റെടുത്താൽ എന്താകും സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിവുകേടിന് ഇത്രയും നല്ല ഉദാഹരണമായ ഈ വെള്ളാനയെ ഇനിയും പുതിയ സർവ്വീസുകൾ ഏൽപ്പിക്കുന്നതെന്തിന്? 

ചെറിയ ഉദാഹരണം പറയാം എന്റെ നാട്ടിൽ (വൈപ്പിനിൽ) 23 തിരു-കൊച്ചി സർവ്വീസുകൾ നടത്താൻ കോടതി ഉത്തരവ്് സമ്പാദിച്ചാണ് കെ എസ് ആർ ടി സി എത്തുന്നത്. ആദ്യകാലത്ത് 20 സർവ്വീസ് വരെ നടത്തി. ഒടുവിൽ വിവരാവകാശ നിയമം വഴി നൽകിയ മറുപടി അനുസരിച്ച് കെ എസ് ആർ ടി സി നടത്തുന്നത് 11 ബസ്സുകൾ മാത്രം. കെ എസ് ആർ ടി സിയുടെ തിരു-കൊച്ചി ബസ്സുകൾക്ക് മാത്രമാണ് നിലവിൽ വൈപ്പിനിൽ നിന്നും നഗരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്താൻ അനുവാദമുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ എറണാകുളം നഗരത്തിൽ കെ എസ് ആർ ടി സി സിറ്റി സർവ്വീസ് ബസ്സുകൾ തുടങ്ങിയിരുന്നു. ഇന്ന് ആ ബസ്സുകളിൽ എത്രയെണ്ണം സർവ്വീസ് നടത്തുന്നുണ്ട്? 

യാത്രയ്ക്കായി കെ എസ് ആർ ടി സിയെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും ഏറ്റവും ദുരിതം അനുഭവിക്കുന്നത് ശബരിമല മണ്ഡല/മകരവിളക്ക് മഹോത്സവ സമയത്താണ്. ആകെ സർവ്വീസ് നടുത്തുന്ന 5500 ബസ്സുകളിൽ 1000 ബസ്സുകളെങ്കിലും ശബരിമല സർവ്വീസിന് ഉപയോഗിക്കും. ഫലം നേരെചൊവ്വേ സർവ്വീസ് നടന്നാലും തിങ്ങിനിറഞ്ഞ് പോകുന്ന പല റൂട്ടുകളിലും വീണ്ടും ബസ്സുകൾ കുറയും. 

എറണാകുളത്തെ മറ്റൊരു ദുരിതം ജെൻറം പദ്ധതിയിൽ കിട്ടിയ ലോഫ്ലോർ ബസ്സുകളാണ്. പറവൂരിൽ നിന്നും വ്യവസായമേഖലയായ കാക്കനാട്ടേയ്ക്ക് സർവ്വീസ് (പറവൂർ - വരാപ്പുഴ - കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീ പോർട്ട് എയർ പോർട്ട് റോഡ് - കാക്കനാട്) സർവ്വീസ് നടത്തുന്ന ഒരു ബസ്സു പോലും ഓർഡിനറി ഇല്ല. എല്ലാം ലൊ ഫ്ലോർ നോൺ എസി ബസ്സുകൾ. നിന്നു യാത്രചെയ്യാൻ സൗകര്യമില്ലാത്ത ഈ ബസ്സുകളിൽ രാവിലേയും വൈകീട്ടും തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്രചെയ്യുന്നത്. പറവൂരിൽ നിന്നും തൃപ്പൂണീത്തുറ, ചോറ്റാനിക്കര, പൂത്തോട്ട സർവ്വീസുകൾ നടത്തുന്ന തിരു-കൊച്ചി ബസ്സുകൾ ആകട്ടെ ഗോശ്രീപാലം വഴി കടന്നുപോകുന്നവയും. ഞാൻ നിത്യവും യാത്രചെയ്യുന്ന ആലുവ - പറവൂർ ദേശസാൽകൃതറൂട്ടിലും പരമാവധി ലോഫ്ലോർ ബസ്സുകൾ ഓടിച്ച് യാത്രക്കാരെ പിഴിയുകയാണ്. തൃപ്പൂണീത്തുറ - മൂവാറ്റുപുഴ, ആലുവ - പെരുമ്പാവൂർ, കോതമംഗലം റൂട്ടിലും ലോഫ്ലോർ ബസ്സുകൾ അധികം ഓടിക്കുന്നു.

കെ എസ് ആർ ടി സി ഏറ്റെടുക്കാൻ പോകുന്ന ചില ദീർഘദൂരബസ്സുകളിൽ (കോട്ടയം ജില്ലയിൽ നിന്നും ആരംഭിച്ച് പറവൂർ വഴി മലബാറിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് പോകുന്ന) ഞാനും യാത്രചെയ്തിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്കിൽ സെമി സ്ലീപ്പർ സൗകര്യത്തിൽ യാത്രചെയ്യാം. അമിതവേഗം ഇല്ല. കഴിവതും സമയകൃത്യത പാലിക്കും. സുഖകരമായ യാത്ര. ജീവനക്കാരുടെ മാന്യമായ പെരുമാറ്റം. ഇറങ്ങേണ്ട സ്റ്റോപ്പിൽ കൃത്യമായി കണ്ടക്ടർ വിളിച്ചുണർത്തും.  ഇതൊക്കെ കെ എസ് ആർ ടി സിയ്ക്ക് സാധിക്കുമോ? കെ എസ് ആർ ടി സി ഏറ്റെടുക്കുന്നതോടെ ഈ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളിൽ പലതും മാറ്റി സൂപ്പർ ഫാസ്റ്റ് / എക്സ്പ്രസ്സ് ബസ്സുകൾ ആക്കി ആളുകളെ പിഴിയുക എന്നതുമാത്രമല്ലെ കെ എസ് ആർ ടി സിയുടെ നയം? ഇവിടെയും സർക്കാർ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ചെയ്യാൻ അവസരം നൽകുക എന്നതല്ല, മറിച്ച് കെ എസ് ആർ ടി സിയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതാണ്. കെ എസ് ആർ ടി സി മന്ത്രിയായി ശ്രീ മാത്യു ടി തോമസ് ഇരുന്ന അവസരത്തിൽ ഇങ്ങനെ ചില സർവ്വീസുകൾ (ഫാസ്റ്റ് പാസെഞ്ചർ) നടത്തിയിരുന്നു. പിന്നീട് അവയ്ക്ക് എന്തു സംഭവിച്ചു?

ഇനി പുതുതായി ലഭിക്കാൻ പോകുന്ന 241 ദീർഘദൂരസർവ്വീസുകൾ ആരംഭിക്കുന്നതിന് കെ എസ് ആർ ടി സി അധികമായി ബസ്സുകൾ വാങ്ങുമോ? 241 സർവ്വീസുകൾ പുതിതായി തുടങ്ങാൻ അതിന്റെ ഇരട്ടി ബസ്സുകൾ (482 എണ്ണം) ഏറ്റവും ചുരുങ്ങിയത് വേണം. ഒപ്പം 964 ജീവനക്കാരും. അധികമായി ജീവനക്കാരെ നിയമിക്കുമോ? ഇപ്പോൾത്തന്നെ പല സർവ്വീസുകളും ജീവനക്കാരുടെ അഭാവം കൊണ്ട് റദ്ദാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതുതായി ബസ്സുകൾ വാങ്ങുന്നതും ജീവനക്കാരെ നിയമിക്കുന്നതും കെ എസ് ആർ ടി സിയുടെ വരുമാനം വർദ്ധിപ്പിക്കുമോ അതോ കുറയ്ക്കുമോ? കെ എസ് ആർ ടി സി ചെയ്യുക കുറച്ചു ബസ്സുകൾ പുതുതായി വാങ്ങും, പിന്നെ നിലവിലുള്ള കുറച്ചു സർവ്വീസുകൾ റദ്ദാക്കി ആ ബസ്സുകളേയും ജീവനക്കാരേയും പുതിയ സർവ്വീസുകൾക്കായി വിനിയോഗിക്കും. അപ്പോഴും ദുരിതം ജനങ്ങൾക്ക് തന്നെ.

എന്റെ ഈ ബ്ലോഗ് വായിക്കുന്ന കഴിവുള്ള അഭിഭാഷകർ ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥനയാണുള്ളത്. പൊതുജനങ്ങൾക്ക് ഉപകാരമാകുന്ന ഒരു കാര്യം. നിലവിൽ ഏറ്റെടുത്തിരിക്കുന്ന സർവ്വീസുകൾ നടത്തുന്നു എന്ന് ഉറപ്പാക്കാതെ കെ എസ് ആർ ടി സിയ്ക്ക് പുതിയ പെർമിറ്റുകൾ ഒന്നും സംസ്ഥാനത്ത് അനുവദിക്കരുതെന്ന ഒരു ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കോടതിയിലൂടെയോ സുപ്രീംകോടതിയിലൂടെയോ നേടിയെടുക്കണം. ഞങ്ങളെ ഇനിയും ഇങ്ങനെ ദ്രോഹിക്കാൻ കെ എസ് ആർ ടി സിയെ അനുവദിക്കരുതേ.

Friday, May 30, 2014

നന്നാക്കാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടൂ ഈ വെള്ളാനയെ

"ലാഭകരമല്ലെങ്കിൽ കെ എസ് ആർ ടി സി പൂട്ടിക്കൂടെ?" എന്ന് ചോദിച്ച ഹൈക്കോടതിയ്ക്ക് അഭിവാദ്യങ്ങൾ.

എന്താണ് കെ എസ് ആർ ടി സിയുടെ പ്രാഥമീകമായ കർത്തവ്യം? എന്റെ അറിവിൽ കുറെ ആളുകൾക്ക് ജോലിയും പെൻഷനും കൊടുക്കുക എന്നതല്ല, മറിച്ച് ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുക എന്നതാണ്. പക്ഷെ അതിൽ കെ എസ് ആർ ടി സി എത്രമാത്രം വിജയിക്കുന്നു എന്നതിലാണ് പ്രശ്നം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രാനിരക്ക് കേരളത്തിൽ ആണെന്ന് പറയുന്നു എന്നിട്ടും എന്തുകൊണ്ട് കേരളത്തിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നഷ്ടത്തിൽ പോകുന്നു. ഇതിന്റെ തലപ്പത്തിരുന്നു ഇറങ്ങുന്ന എല്ലാവരും സമ്മതിക്കുന്ന കാര്യം കെ എസ് ആർ ടി സി യുടെ ദുരവസ്ഥയ്ക്ക് കാരണം കെടുകാര്യസ്ഥത ആണ് എന്നതാണ്. എന്നാൽ തലപ്പത്തിരിക്കുമ്പോൾ അതിനെ നേരെയാക്കാൻ ആർക്കും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ നിരക്ക്, ഓടിക്കുന്ന സർവ്വീസുകളിൽ ഉയർന്ന നിരക്കിലുള്ള ഫാസ്റ്റ് പാസെഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, എയർബസ്സ് ഇങ്ങനെ നിരക്ക് കൂടുതലുള്ള സൗജന്യങ്ങൾ കുറവുള്ള സർവ്വീസുകൾ. ഓടിക്കുന്നതാവട്ടെ നിയമങ്ങൾ ലംഘിച്ചും ഫാസ്റ്റിനു മുകളിൽ പെർമിറ്റുഌഅ വണ്ടികൾ ആളുകൾ നിന്നു യാത്രചെയ്യരുതെന്നാണ്. എന്നാൽ സൂപ്പർ ഫാസ്റ്റിൽ പോലും നൂറോളം ആളുകളെ കയറ്റിപോകുന്നു. കാരണം യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി മതിയായ സർവ്വീസുകൾ ഇല്ല. സർവ്വീസ് എന്ന് പറയുമ്പോഴും ലാഭകരമല്ലാത്ത സർവ്വീസുകൾ നിറുത്തലാക്കും എന്ന് ഇടയ്ക്കിടെ മന്ത്രിമാർ പറയും. ജനങ്ങളുടെ സുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും തീരുമാനം എടുക്കേണ്ടിവന്നാലും അപ്പോഴും ആനവണ്ടിയുടെ സാമ്പത്തികസ്ഥിതി പ്രശ്നം. എറണാകുളത്ത് എല്ലാ ബസ്സുകൾക്കും ഡ്രൈവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന്അ ഡോറുകൾ ഘടിപ്പിക്കണം എന്ന് നിർദ്ദേശം വന്നു. അപ്പോഴും ആനവണ്ടിയെ ഒഴിവാക്കണം. ബസ്സുകളുടെ വേഗം നിയന്ത്രിക്കാൻ ജി പി എസ് ഘടിപ്പിക്കണം അതിനും ആനവണ്ടിയെ ഒഴിവാക്കണം. അമിതവേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാർക്ക് പിഴ്ചുമത്തുന്നതിലും ആനവണ്ടിയെ ഒഴിവാക്കണം. അങ്ങനെ ഒരു നിയമവും ആനവണ്ടിയ്ക്ക് ബാധകമല്ല.

ജീവനക്കാരുടെ കാര്യത്തിലും ഉണ്ട് പ്രശ്നം. പലപ്പോഴും ജീവനക്കാരില്ലാത്തതിനാൽ ഷെഡ്യൂളുകൾ നടത്താൻ പറ്റാത്ത അവസ്ഥ. ഉള്ള ജീവനക്കാർ മെഡിക്കൽ ലീവെടുത്ത് എം പാനൽ ജീവനക്കാരെ കൊണ്ട് ജോലിചെയ്യിക്കുന്ന അവസ്ഥ. അങ്ങനെയും ചില റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. വണ്ടിയുടെ സ്പെയർ പാർട്സുകൾ, ചേസിസ്, ടയർ എന്നിങ്ങനെ പല കരാറുകളിലും അഴിമതിയും കമ്മീഷനും. കെ എസ് ആർ ടി സി നഷ്ടത്തിലാവാൻ ഇങ്ങനെയും പല കാരണങ്ങളും ഉണ്ട്. പക്ഷെ എല്ലാക്കാലവും ഔദ്യോഗികമായി പറയുമ്പോൾ വില്ലൻ ജീവനക്കാരുടെ പെൻഷൻ മാത്രം. അത് സർക്കാർ ഏറ്റെടുത്താൽ കെ എസ് ആർ ടി സിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം. ഇപ്പോൾ തന്നെ കോടികൾ ഈ വെള്ളനായുടെ ജീവൻ പിടിച്ചുനിറുത്താൻ ചിലവിടുന്നുണ്ടല്ലൊ.

കഴിഞ്ഞ സർക്കാർ മറ്റൊരു അപരാധംകൂടി ചെയ്തു. ജെൻറം പദ്ധതിയിൽ കിട്ടിയ വണ്ടികൾ കൂടി ഈ വെള്ളാനയുടെ ചുമതലക്കാരെ ഏല്പിച്ചു. ഫലം എറണാകുളത്തെ പല ദേശസാൽകൃതറൂട്ടിലും ഇപ്പോൾ ഓർഡിനറി ബസ്സുകളേക്കാൾ കൂടുതൽ ഈ പച്ച ലോഫ്ലോർ നോൺ എസി ബസ്സുകൾ ആണ്. ഓർഡിനറിയിലും കൂടിയ ചാർജ്ജ് വാങ്ങി അളുകളെ പിഴിയുന്നു. ദേശസാൽകൃതറൂട്ടായതിനാൽ യാത്രക്കാർക്ക് മറ്റ് ഉപാധികളും ഇല്ല. ഞാൻ ജോലിചെയ്യുന്ന കളമശ്ശേരി മേഖലയിൽ കാക്കനാട് നിന്നും സീ പോർട്ട് എയർ പോർട്ട് റോഡ് കളമശ്ശേരി, കണ്ടെയ്നർ റോഡ്, വരാപ്പുഴ വഴി പറവൂർക്ക് വൈകീട്ട് നാല് പച്ചവണ്ടികൾ ആണുള്ളത്. ഒരു ഓർഡിനറി ബസ്സു പോലും ഇല്ല. ഈ ബസ്സുകൾ നിന്നു യാത്രചെയ്യാൻ ഉദ്ദേശിച്ച് ഡിഅസൈൻ ചെയ്തവയല്ല്. എന്നാലും കുത്തിനിറച്ച് ആളുകളെ കയറ്റിയാണ് ഓടിക്കുന്നത്. ഈ പച്ചവണ്ടികൾക്ക് പകരം തിരുകൊച്ചി വണ്ടികൾ ഓടിച്ചാൽ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകൾക്ക് യാത്രചെയ്യാം. പച്ചവണ്ടിയിൽ യാത്രചെയ്യാൻ സാമ്പത്തികമുള്ളവർ അതിൽ പോകട്ടെ. പക്ഷെ ഓടിക്കില്ല ആളുകളെ പിഴിയാൻ പറ്റില്ലല്ലൊ. ആലുവ - പറവൂർ, ആലുവ - പെരുമ്പാവൂർ റൂട്ടിലും ഈ പച്ചവണ്ടികളുടെ ബാഹുല്യം ആണ്. ഒരു കാര്യത്തിൽ വളരെ സന്തോഷം ഇനി ജൻറം പദ്ധതിയിൽ ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കിട്ടില്ല എന്ന് കേൾക്കുന്നു. ഇപ്പോൾ ഉള്ള വണ്ടികൾ വൈകാതെ കട്ടപ്പുറത്താവും. അങ്ങനെയെങ്കിലും ഈ റൂട്ടുകളിൽ ഓർഡിനറി സർവ്വീസ് വരുമല്ലൊ.  വൈകുന്നേരം കളമശ്ശേരിയിൽ നിന്നും ഈ പച്ചവണ്ടിയിൽ കയറി ഒരു മണിക്കൂർ യാത്രചെയ്ത് പറവൂരിൽ ഇറങ്ങുമ്പോൾ മസ്സുകൊണ്ട് നൂറുവട്ടമെങ്കിലും ശപിക്കും ഈ വകുപ്പിനേയും ജനങ്ങലെ ഇങ്ങനെ ദ്രോഹിക്കുന്നവരേയും. സേവനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന ഈ വകുപ്പും ഇതിന്റെ തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കുന്നവരും ഒരിക്കലും ഗുണം പിടിക്കില്ല. 

Wednesday, May 28, 2014

നരേന്ദ്ര മോദി സർക്കാരിന് ആശംസകൾ

നീണ്ട മുപ്പതു വർഷങ്ങൾക്ക് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു പാർട്ടി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നു. ഇത് ഏറ്റവും സന്തോഷകരമായ കാര്യം തന്നെ. രാഷ്‌ട്രീയപ്പാർട്ടി എന്നനിലയിലും പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കുന്നതിനുള്ള അംഗസംഖ്യ ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉണ്ട്. അതുകൊണ്ട് ശക്തമായ ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവും എന്ന് കരുതുന്നു. കഴിഞ്ഞ മുപ്പതുവർഷക്കാലം ഇന്ത്യ ഭരിച്ചിരുന്നത് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സർക്കാരുകൾ ആണ്. അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ അവർ പരാജയപ്പെട്ടു. പലപ്പോഴും ഘടകകക്ഷികളുടെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോൾ അധികാരമേറ്റെടുത്തിരിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയുടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അത്തരം പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് കരുതുന്നു. ദേശീയ ജനാധിപത്യ മുന്നണിയും അതിന് നേതൃത്വം നൽകുന്ന ഭാരതീയ ജനതാ പാർട്ടിയും ഒറ്റക്കെട്ടായി ശരിയായ, ശക്തമായ തീരുമാനങ്ങൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശീക കക്ഷികളും സങ്കുചിത മനോഭാവമുള്ള ചെറുകക്ഷികളും ചേർന്നുള്ള കൂട്ടുകക്ഷി ഭരണം ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ദേശീയപാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാർ തന്നെ കേന്ദ്രത്തിൽ ഉണ്ടാകണം എന്നതാണ് എന്നും എന്റെ അഭിപ്രായം. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ള ഒരു സർക്കാർ ഉണ്ടായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ശരിയായ തീരുമാനങ്ങളിലൂടെ അഴിമതിരഹിതമായ ഒരു ഭരണം കാഴ്ചവെയ്ക്കാൻ നരേന്ദ്ര മോദി സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇത്രയും ശക്തമായ ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ ആ സർക്കാരിൽ നമ്മുടെ സംസ്ഥാനമായ കൊച്ചുകേരളത്തെ പ്രതിനിധാനം ചെയ്യാൻ ആരും ഇല്ലെന്നതിൽ സങ്കടവുമുണ്ട്. 

Thursday, May 08, 2014

മുല്ലപ്പെരിയാർ അന്തിമവിധി

ഏറെ നാളുകളായി കേരളം ആകാംഷയോടെ കാത്തിരുന്ന മുല്ലപ്പെരിയാർ കേസിൽ ഇന്ന് സുപ്രീംകോടതിയുടെ അന്തിമവിധി വന്നിരിക്കുന്നു. അവസാനഘട്ടം വാദം നടക്കുന്ന സമയത്ത് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ ചില പരാമർശങ്ങൾ പ്രതീക്ഷനൽകുന്നതായിരുന്നു എങ്കിലും അന്തിമവിധി അത്തരത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്തതാണ്. ആകെ ആശ്വാസകരം എന്ന് വിദഗ്ദ്ധർ പറയുന്നത് ഡാമിന്റെ മുകളിൽ തമിഴ്നാടിനുണ്ടായിരുന്ന ഏകാധിപത്യം അവസാനിച്ചു എന്നത് മാത്രം. ഇനി ഡാമിന്റെ ജലനിരപ്പ്, അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിക്കുന്ന തീരുമാനം എടുക്കുക കേന്ദ്രജലവിഭവകമ്മീഷന്റേയും കേരളത്തിന്റേയും തമിഴ്നാടിന്റേയും ഓരോ പ്രതിനിധികൾ അടങ്ങുന്ന ഒരു മൂന്നംഗസമിതി ആയിരിക്കും. തമിഴ്നാട് ഉന്നയിച്ച പല വാദങ്ങളും അംഗീകരിച്ച സുപ്രീംകോടതി ഈ വിഷയത്തിൽ കേരളം മുന്നോട്ട് വെച്ച ഡാമിന്റെ സുരക്ഷയെ സംബന്ധിക്കുന്ന എല്ലാ വാദങ്ങളും തള്ളിക്കളയുകയായിരുന്നു. കേരളത്തിന്റെ വാദങ്ങൾ വെറും ആശങ്കകൾ മാത്രമായിരുന്നില്ല. ഡെൽഹി ഐ ഐ ടിയിൽ നിന്നും ഈ രംഗത്തെ വിദഗ്ദ്ധരെ കൊണ്ടുവന്ന് പഠനം നടത്തി, അവരുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിന്റെ വാദത്തിന്റെ വിവിധഘട്ടങ്ങളിൽ അവരെ കോടതിയിൽ വിളിച്ചുവരുത്തി വിസ്തരിക്കുകയും  ചെയ്തിരുന്നു. എന്നിട്ടും അന്തിമവിധിയിൽ ഡാമിന്റെ സുരക്ഷസംബന്ധിക്കുന്ന യാതൊരു ആശങ്കയും സുപ്രീംകോടതി സൂചിപ്പിക്കുന്നില്ല. ഡാമിന്റെ പരമാവധി സംഭരണശേഷി 136 അടിയായി നിജപ്പെടുത്തിക്കൊണ്ട് കേരളനിയമസഭ പാസ്സാക്കിയ നിയമം പോലും കോടതിയുടെ അധികാരത്തിലുള്ള കടന്നുകയറ്റമായിക്കണ്ട് റദ്ദാക്കുകയാണ് കോടതി ചെയ്തത്. ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂർ രാജാവും തമ്മിൽ 1886 ഒക്‌ടോബർ 29ന് ഒപ്പിട്ട പാട്ടക്കരാർ സ്വാതന്ത്ര്യാനന്തരം കാലഹരണപ്പെട്ടതാണ്. ആ കരാറാണ് 1970 മെയ് 29ന് അച്യുതമേനോൻ സർക്കാർ തിരുവിതാംകൂർ രാജാവ് ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയതിലും ഉദാരമായ വ്യവസ്ഥകളോടെ യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ പുതുക്കി നൽകിയത്. അന്ന് മുതൽ കേരളം ഭരിച്ച വിവിധ സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ സ്വീകരിച്ച അലംഭാവം കേരളത്തിന്റെ സ്വന്തം നദി എന്ന് നാം പറഞ്ഞിരുന്ന പെരിയാർ ഒരു അന്തർസംസ്ഥാനനദിയായി മാറുന്നതിൽ എത്തി നിൽക്കുന്നു. കേരളം കാര്യകാരണസഹിതം ഉന്നയിച്ച പല വാദങ്ങളും ചെവിക്കൊള്ളാത്ത സുപ്രീംകോടതി വിധി ഏകപക്ഷീയവും പ്രതിഷേധാർഹവും ആണെന്ന് ഞാൻ കരുതുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ മുൻപ് എഴുതിയ പോസ്റ്റുകൾ ഇവിടെ വായിക്കാം.

Saturday, March 22, 2014

സ്ഥാനാർത്ഥികളുടെ സ്വത്തുവിവരം

ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജനവിധിതേടുന്ന നാല് സ്ഥാനാർത്ഥികൾ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വത്ത്‌വിവരം.
കെ വി തോമസ് (കോൺഗ്രസ്സ്)

എറണാകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.വി. തോമസിന്റെ കൈവശമുള്ളത് 25000 രൂപമാത്രം. ബാങ്ക്നിക്ഷേപമായി 24.76 ലക്ഷം രൂപയും. തന്റെ കൈവശം സ്വര്‍ണമായി ഒന്നുമില്ലെന്ന് കെ.വി. തോമസ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ പറയുന്നു. ഭാര്യ ഷേര്‍ളിയുടെ പക്കല്‍ 25000 രൂപ പണമായി കൈയിലുണ്ട്. കടബാധ്യതകള്‍ കഴിഞ്ഞ് രണ്ടുപേര്‍ക്കുമായി 1.18 കോടി രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 34.69 ലക്ഷം രൂപയുടെ ആസ്തി കെ.വി.തോമസിന്റെ പേരിലും 83.83 ലക്ഷം രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമാണ്. ഇതില്‍ ബാധ്യതകള്‍ ഒഴിവാക്കിയാല്‍ ആകെ ആസ്തി 1.13കോടി രൂപയാണ്.(അവലംബം മാതൃഭൂമി http://www.mathrubhumi.com/election2014/article.php?id=438335)



ക്രിസ്റ്റി ഫെർണാണ്ടസ് (സി പി എം സ്വതന്ത്രൻ)

എറണാകുളത്തെ എല്‍.ഡി.എഫ്. സാഥാന്ര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പക്കല്‍ പണമായി 30000 രൂപയാണുള്ളതെ് നാനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുു. ഭാര്യ ചാഛിമയുടെ കൈയ്യില്‍ 20000 രൂപയുമുണ്ട്. പുളിങ്കുില്‍ സ്ഥാനാര്‍ഥിക്കുള്ള 1.74 ഏക്കര്‍ കൃഷിഭൂമിയുടെ കമ്പോളവില 34.74 ലക്ഷവും ഭാര്യയുടെ പേരിലുള്ള ഒമ്പത് ഏക്കര്‍ ഭൂമിയുടെ വില5.47 ലക്ഷവും വരും. കാര്‍ഷികയിതര ഭൂമിയായി കലൂരില്‍ 1.05 കോടി വിലമതിക്കു 4380 ചതുരശ്രയടി സ്ഥലമുണ്ട്. എളങ്കുളം വില്ലേജിലും ബാംഗ്ലൂരിലും ഉള്ള രണ്ടു വീടുകള്‍ക്കായി 2.31 കോടി രൂപ കമ്പോളവില വരും. കാര്‍ വായ്പ ഉള്‍പ്പടെയായി 26.20ലക്ഷം രൂപയുടെ ബാധ്യതയാണ് സ്ഥാനാര്‍ഥിക്കുള്ളത്.സ്ഥാനാര്‍ഥിക്ക് 8.35 ലക്ഷം രൂപ വിലയുള്ള ഒരു ടൊയോ'കാറും 48000 രൂപ വിലവരു ഒരു മാരുതി കാറുമുണ്ട്. സ്ഥാനാര്‍ഥിയുടെ പക്കല്‍ 21000 രൂപ വിലവരു എ'ു ഗ്രാം സ്വര്‍ണവും ഭാര്യുയുടെ പക്കല്‍ 5.25 ലക്ഷം രൂപ വില വരു 200 ഗ്രാം സ്വര്‍ണവുമുണ്ട്.

(അവലംബം: എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/dcekm/posts/681633015236856


എ എൻ രാധാകൃഷ്ണൻ (ബി ജെ പി)

എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ എന്‍.ഡി.എ.യിലെ ബി.ജെ.പി.സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പക്കല്‍ രൊക്കം പണമായുള്ളത് 25000 രൂപ. ഭാര്യ അംബികദേവിയുടെ പക്കല്‍ പണമായി 10000 രൂപയുമുണ്ടെ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുു. നിക്ഷേപം, വാഹനങ്ങള്‍, സ്വര്‍ണം എിവയിലായി സ്ഥാനാര്‍ഥിക്ക് 7.61 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 4.12 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്.സ്ഥാനാര്‍ഥിക്ക് വാഴക്കാല വില്ലേജിലുള്ള 1175 ചതുരശ്രയടി കെ'ിടത്തിന് 20 ലക്ഷം രൂപയാണ് വിപണി വില. ഇതുള്‍പ്പടെ മൊത്തം 66 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ 11.50 ലക്ഷം രൂപയുടെ വായ്പയാണെും സത്യവാങ്മൂലത്തില്‍ പറയുു.

(അവലംബം: എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/dcekm/posts/682136245186533)



അനിത പ്രതാപ് (ആം ആദ്മി പാർട്ടി)

എറണാകുളത്തെ എ.എ.പി. സ്ഥാനാര്‍ഥി അനിത പ്രതാപിന്റെ പക്കല്‍ പണമായുള്ളത് 30000 രൂപയും ഭര്‍ത്താവിന്റെ പക്കലുള്ളത് ഒരു ലക്ഷം രൂപയാണെും ഇലെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുു. ജംഗമസ്വത്തായി 1.52 കോടി രൂപയുടെയും ജീവിതപങ്കാളിക്ക് 9.81 കോടിയുടെയും ആസ്തിയുണ്ടെ് അതില്‍ പറയുു. സ്ഥാവര ആസ്തിയായി ഇരുവര്‍ക്കും 8.66 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ സ്ഥാനാര്‍ഥിക്ക് പാരമ്പര്യമായി ലഭിച്ചത് 77.5 ലക്ഷത്തിന്റെയും സ്വന്തമായി ആര്‍ജിച്ചത് 2.7 കോടി രൂപയുടെയും ആസ്തിയാണുള്ളത്. ബാങ്ക് ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളിലെ നിക്ഷേപവും മറ്റുമായി 33.5 ലക്ഷത്തിന്റെ ആസ്തിയുമുണ്ട്. ജീവിത പങ്കാളിയുടേതായി 58.53 കോടി രൂപയുടെ ആസ്ഥിയാണുള്ളത്.

(അവലംബം: എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/dcekm/posts/682159298517561)


നമ്മുടെ സ്ഥാനാർത്ഥികൾ എത്രമാത്രം ധനികരാണെന്ന് ഓരോ വോട്ടറും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാവാൻ ഇത് സഹായിക്കും.



Monday, February 17, 2014

കെ എസ് ആർ ടി സി വീണ്ടും ചതിക്കുന്നു

                      കെ എസ് ആർ ടി സി ബസ്സുകൾക്ക് (തിരു-കൊച്ചി) സർവ്വീസ് നടത്തുന്നതിന് എറണാകുളം ആർ ടി എ പെർമിറ്റ് അനുവദിച്ചതിനെതിരെ സ്വകാര്യബസ്സുടമകൾ നൽകിയ ഹർജി തള്ളിയ 2013 മാർച്ച് മാസം 23ലെ ഹൈക്കോടതി ഉത്തരവ് വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആണ് ഞങ്ങൾ വൈപ്പിൻ നിവാസികൾ കണ്ടത്. എന്നാൽ ഇന്ന് എന്താണ് അവസ്ഥ? 12/08/2013-ൽ ഞാൻ നൽകിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നതായി ചീഫ് ട്രാഫിക് മാനേജർ (കെ എസ് ആർ ടി സി, തിരുവനന്തപുരം) മറുപടി നൽകിയിരുന്നു. എന്നാൽ ഇതേ വിഷയത്തിൽ കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലാട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും കിട്ടിയ മറുപടി 11 ബസ്സുകൾ സർവ്വീസ് നടത്തുന്നു എന്നാണ്. അനുവദിക്കപ്പെട്ടതിൽ 50% പോലും ഓടിക്കുന്നില്ല എന്നർത്ഥം. ആറ് മാസത്തിനിടയിൽ 9 ബസ്സുകൾ നിറുത്തി. ഓടുന്ന 11 ബസ്സുകളിൽ തന്നെ ആർ ടി എ അനുവദിച്ച പല ട്രിപ്പുകളും ഓടിക്കുന്നുമില്ല. വൈപ്പിനിലെ ഗതാഗതപ്രശ്നം അംഗീകരിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷ് തന്റെ വിധിന്യായം അവതരിപ്പിക്കുന്നത്. ബസ്സുകൾ ഓടിക്കാൻ കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ അതിനു തയ്യാറുള്ളവർക്ക് പെർമിറ്റ് അനുവദിക്കുമോ?

         സ്വകാര്യബസ്സുകൾക്കും നഗരപ്രവേശനത്തിന് അർഹതയുണ്ടെന്ന് അന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വൈപ്പിൻകരയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ നഗരപ്രവേശനത്തെ എറണാകുളം സിറ്റി സർവ്വീസ് നടത്തുന്ന ബസ്സുടമാസംഘം എതിർക്കുകയാണ്. അതിനൊപ്പം ട്രാഫിക് പോലീസും ഈ നീക്കത്തെ എതിർക്കുന്നു. വൈപ്പിനിൽ നിന്നുള്ള ബസ്സുകൾക്കും നഗരപ്രവേശനം അനുവദിച്ചാൽ അത് നഗരത്തിൽ കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്ന് അവർ പറയുന്നു. ഗോശ്രീ പാലങ്ങൾ വഴി നഗരവുമായി വൈപ്പിൻ ദ്വീപിനെ ബന്ധിപ്പിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. നായനാർ സർക്കാരിന്റെ കാലഘട്ടത്തിൽ ആണ് (പാലം ഔദ്യോഗീകമായി തുറന്നത് 2004 ജൂൺ 5ന് ആണ്). ഇപ്പോൾ ഒരു ദശകം പൂർത്തിയാകുന്നു. ഇനിയെങ്കിലും അധികാരികൾ ഈ വിഷയത്തിൽ അലംഭാവം കാട്ടരുതെന്നാണ് അപേക്ഷ.

          സർവ്വീസ് തുടർന്നും നടത്താൻ കെ എസ് ആർ ടി സി യ്ക്ക് സാധിക്കുന്നില്ലെങ്കിൽ സ്വകാര്യബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്ന കാര്യം ആർ ടി എ പരിഗണിക്കണം. കെ എസ് ആർ ടി സിയുടെ കഴിവുകേടിന് പതിനായിരക്കണക്കിനു വരുന്ന ദ്വീപ് നിവാസികളെ ബലിയാടാക്കരുത്.

Thursday, January 30, 2014

കാത്തിരിക്കുന്ന ദുരന്തം

        കേരളം "ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് പലപ്പോഴും നമ്മൾ വിശേഷിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ തലവാചകം എന്നതിൽ ഉപരി വലിയ പ്രാധാന്യം ഒന്നും ഈ എഴുത്തിൽ തോന്നാറില്ല. എന്നാൽ ഈ മാസം ഉണ്ടായ ചില സംഭവങ്ങൾ - ഒഴിവയിപ്പോയ വലിയ ദുരന്തങ്ങൾ - ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം അന്വർത്ഥമാണെന്ന് തോന്നൽ ഉണ്ടാക്കുന്നു. ജനുവരി മാസത്തിൽ കേരളം രക്ഷപ്പെട്ടത് മൂന്ന് വലിയ ദുരന്തങ്ങളിൽ നിന്നാണ്. ജനുവരി 7, 14, 29 തീയതികളിൽ എൽ പി ജി ബുള്ളറ്റ് ടാങ്കർ അപകടങ്ങൾ തലനാരിഴ വ്യത്യാസത്തിൽ ആണ് ഒഴിഞ്ഞു പോയത്.
അങ്കമാലിയിൽ ലീക്ക് ഉണ്ടായ ടാങ്കർ അഗ്നിശമനസേന
വെള്ളം പമ്പ് ചെയ്ത് തണുപ്പിക്കുന്നു
ചിത്രത്തിനു കടപ്പാട്: The Hindu

          ഈ വർഷം ആദ്യത്തെ  എൽ പി ജി അപകടം എന്ന് വിശേഷിപ്പൈക്കാവുന്നത് ജനുവരി 7ന് അങ്കമാലിയിൽ ഉണ്ടായതാണ്. നിറയെ ഗ്യാസുമായി പോയിരുന്ന ബുള്ളറ്റ് ടാങ്കറിന്റെ വാൽവ് തകരാറിൽ അവുകയും ഗ്യാസ് ലീക്ക് ചെയ്യുകയും ചെയ്തു. തീപിടിക്കുന്നതുമുൻപേ പിന്നാലെ വന്ന വാഹനത്തിലെ ആളുകൾ അപകടം അറിയിച്ചതിനാൽ ടാങ്കറിന്റെ ഡ്രൈവർ വാഹനം ആളൊഴിഞ്ഞ സ്ഥലത്ത് ഒതുക്കുകയും ഫയർഫ്ഴ്സും പോലീസും നാട്ടുകരും സമയോചിതമായി പ്രവർത്തിച്ചതിന്റെ ഫലമായി അപകടം ഒഴിവായി. പിന്നീട് ഉണ്ടായ അപകടം ജനുവരി 14ന് കണ്ണൂരിലെ കല്ല്യാശേരിയിൽ ആണ്. അന്ന് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ടാങ്കർ മറിഞ്ഞ് തീപിടിക്കുകയാരുന്നു. അവിടേയും സമീപവാസികളൂടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും അവസരോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കി. എങ്കിലും 36 മണിക്കൂറിലധികം നീണ്ട തീവ്രപരിശമത്തിനൊടുവിലാണ് തീഅണയ്ക്കാൻ സാധിച്ചത്. മുന്നാമത്തേത് ഇന്നു (29/01/2014) രാവിലെ ഹരിപ്പാട്ട് ഉണ്ടായ അപകടം. ടാങ്കർ റോഡിൽ നിന്നും മാറി അഞ്ചടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ഇവിടേയും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. 
കരുനാഗപ്പിള്ളിയ്ക്കടുത്ത് പുത്തൻതെരുവിൽ ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് The Hindu
             ടാങ്കർ അപകടത്തിന്റെഭീകരത കേരളം ഒരു പക്ഷെ ആദ്യമായി അറിയുന്നത് 2009 ഡിസംബർ 31ന് കരുനഗപ്പള്ളിയിലെ പുത്തൻതെരുവ് എന്ന സ്ഥലത്ത് ടാങ്കർ ലോറി മറിഞ്ഞ് തീപിടിച്ചപ്പോൾ ആയിരിക്കണം. അന്ന് അഗ്നിശമനസേനാവിഭാഗത്തിലെ ആളുകൾ ഉൾപ്പടെ 7 ജീവനുകൾ ആണ് നഷ്ടപ്പെട്ടത്. തീപിടിച്ച് പൊട്ടിത്തെറിക്കാവുന്ന ടാങ്കർ ലോറി റോഡിൽ കിടക്കുമ്പോൾ എന്തുചെയ്യണം എന്നറിയാതെ നോക്കിനിൽക്കുകയാരുന്നു കേരളം. പിന്നീട് കേരളം കണ്ട ദുരന്തം 2012 ആഗസ്ത് 27ന് കണ്ണൂരിലെ ചാല ദുരന്തം ആണ്. രാത്രി ടാങ്ക്ർ മറിഞ്ഞ് പെട്ടിത്തെറിച്ച് ഒരു പ്രദേശം ആകെ അഗ്നിനാളങ്ങൾ വിഴുങ്ങിയപ്പോൾ ഉറങ്ങിക്കിടന്ന കുട്ടികളുൾപ്പടെ 20 ജീവനുകൾ നഷ്ടപ്പെട്ടു.
ചാല ദുരന്തത്തിൽ കത്തിക്കൊണ്ടിരിക്കുന്ന ടാങ്കർ കടപ്പാട് മാതൃഭൂമി
             ചാല ദുരന്തം ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു. സർക്കാർ സംവിധാനങ്ങൾ ഇത്തരം ദുരന്തം നേരിടേണ്ട രീതികളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. പാചകവാതകം കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കറുകളുടെ നീക്കത്തിന് സർക്കാർ ചിലകർശനവ്യവസ്ഥകൾ മുന്നോട്ട് വെച്ചു. അത് കൃത്യമായി പാലിക്കപ്പെടും എന്ന ഉറപ്പ് എണ്ണക്കമ്പനികളിൽ നിന്നും ടാങ്കർ ഉടമകളിൽ നിന്നും ഉണ്ടായി. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച OISD (Oil Indusrty Safety Directorate) അതിന്റെ റിപ്പോർട്ടിൽ ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്. അവ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ട ചുമതല വിവിധ സർക്കാർ ഏജൻസികൾക്കാണ്. ബുള്ളറ്റ് കാരിയർ എന്നറിയപ്പെടുന്ന പാചകവാതക ടാങ്കറുകളിൽ രണ്ട് ഡ്രൈവർമാർ ഉണ്ടാകണമെന്നതാണ് അതിലെ ഒരു വ്യവസ്ഥ. പലപ്പോഴും ലംഘിക്കപ്പെടുന്നതും ഈ വ്യവസ്ഥതന്നെ. എന്നാൽ ആ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്നാണ് ഇന്നത്തെ ഹരിപ്പാട് അപകടം വ്യക്തമാക്കുന്നത്.
കരുനാഗപ്പള്ളിയിൽ (പുത്തെൻതെരുവ്) കത്തിയമർന്ന ടാങ്കർ
ചിത്രത്തിനു കടപ്പാട് www.veethi.com
             2009 ഡിസംബറിലെ പുത്തൻതെരുവ് അപകടത്തിനു ശേഷം 3 വർഷമായിട്ടും ആലോചനതുടങ്ങിയ പലകാര്യങ്ങളും എങ്ങും എത്തിയില്ല. ഇന്ന് ഹരിപ്പാടിനു സമീപം ടാങ്കർ ലോറി മറിഞ്ഞിട്ട് ഇതെഴുതുമ്പോൾ 24 മണിക്കൂർ തികയാൻ അധികസമയം ബാക്കിയില്ല. വെളുപ്പിന് മൂന്നു മണിയ്ക്ക് അപകടം നടന്നിട്ട് മറിഞ്ഞ ടാങ്കറിലെ ഗ്യാസ് മറ്റൊന്നിലേയ്ക്ക് മാറ്റുന്നതിനുള്ള സംവിധാനം എറണാകുളത്തുനിന്നും അപകടസ്ഥലത്ത് എത്തുന്നത് 8 മണിക്കൂർ കഴിഞ്ഞാണ്. ഇപ്പോഴും ടാങ്കർ ഉയർത്തിമാറ്റുന്നതിനുള്ള ശ്രമം പൂർണ്ണമായും വിജയിച്ചിട്ടില്ല. കേരളത്തിൽ മൂന്ന് എൽ പി ജി ബോട്ടിലിങ് പ്ലാന്റുകൾ ആണുള്ളത് ചേളാരി, നടക്കാവ്, പാരിപ്പിള്ളി എന്നിവിടങ്ങളിലാണ് ഈ പ്ലാന്റുകൾ. കേരളത്തിനു വെളിയിൽ മംഗലാപുരത്തുനിന്നും തമിഴ്നാട്ടിൽ നിന്നും ബൾക്ക് കാരിയർ എന്നറിയപ്പെടുന്ന ടാങ്കറുകളിലാണ് പാചകവാതകം എത്തിക്കുന്നത്. ദീർഘദൂരം ഒരേ ഡ്രൈവർ തന്നെ വണ്ടി ഓടിക്കുന്നതും, റോഡിന്റെ ശോചനീയാവസ്ഥയും, ശരിയായ സിഗ്നൽ ബോർഡുകളുടെ അഭാവവും, കണ്ടെയ്നർ ലോറികളുടെ കാലപ്പഴക്കവും എല്ലാം അപകടകാരണങ്ങളായി വിലയിരുത്തപ്പെടുന്നു. 
ഹരിപ്പാട് ഇന്ന് 29/01/2013 ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് മാധ്യമം
             നിലവിലെ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്നവയാണ് ഇപ്പോൾ ഉണ്ടാകുന്ന പല ദുരന്തങ്ങളും. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലിൽ ഒരു സംവാദം (അകം പുറം 28/01/2014) ഈ വിഷയത്തിൽ ഉണ്ടായിരുന്നു. അതിൽ പങ്കെടുത്തുകൊണ്ട് ശ്രീ ഉപേന്ദ്രനാരായണൻ പറഞ്ഞ ചിലകാര്യങ്ങൾ ഗൗരവതരമായ ചർച്ചയും നടപടികളും ഈ വിഷയത്തിൽ വേണം എന്ന് ഉറപ്പിക്കുന്നതാണ്. ചാലയിലും കല്യാശേരിയിലും ഉണ്ടായതുപോലുള്ള അപകടങ്ങൾ തിരക്കേറിയ ഏതെങ്കിലും നഗരത്തിലോ ഹൈവേയിലോ സംഭവിച്ചാൽ ഉണ്ടാകുന്ന ആൾ നാശവും വസ്തുനാശവും പ്രവചനാതീതമാണ്. ട്രാൻസ്പോർട്ട് കമ്മീഷണർ ഋഷിരാജ് സിങ്ങും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കി. കേരളത്തിൽ ഓടുന്ന 90% അധികവും (ശ്രീ ഉപേന്ദ്രനാരായണൻ പറഞ്ഞതനുസരിച്ചാണെങ്കിൽ കേരളത്തിൽ ഒരു കോട്ടയം സ്വദേശിയായ വ്യക്തിക്ക് മാത്രമാണ് ബുള്ളറ്റ് ടാങ്കർ ഉള്ളത്) അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടാങ്കറുകളാണ്. ഇവയിൽ പലതും പത്തുവർഷത്തിൽ അധികം പഴക്കമുള്ളതും, കൃത്യമായ സുരക്ഷാപരിശോധനകൾ നടത്താതെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് സമ്പാദിക്കുന്നവയും ആണ്. ഇവയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പ നടപടി എടുക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവ കേരളത്തിലേയ്ക്കുള്ള ഓട്ടം നിറുത്തുന്നു. ഇതുമൂലം കേരളത്തിൽ പാചകവാതകക്ഷാമം ഉണ്ടാകുകയും തുടർന്നുള്ള സമ്മർദ്ദങ്ങൾ പരിശോധന നിറുത്തിവെയ്ക്കാൻ വകുപ്പിനെ നിർബന്ധത്തിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സന്ധിചെയ്യുന്നത് ഒരു വലിയ അപകടവുമായാണ്. അപകടമുണ്ടായാൽ തന്നെ അതിനെ നേരിടുന്നതിനുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഒന്നും നമുക്കില്ല എന്നതും അലോസരപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.
 
2011 ജനുവരി 1ന് മലപ്പുറം ജില്ലയിൽ താഴെക്കാട് ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് The Hindu

        മേല്പറഞ്ഞതുപോലെ ഈ മാസം മൂന്നപകടങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്നുപോയി. അതുപോലെ മുൻകാലങ്ങളിലും ചെറുതും വലുതുമായ നിരവധി ടാങ്കർ അപകടങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. അതൊന്നും പുത്തെൻതെരുവിലും ചാലയിലും ഉണ്ടായതുപോലുള്ള ദുരന്തങ്ങളിൽ കലാശിച്ചില്ല. പക്ഷെ എല്ലാത്തവണയും അങ്ങനെ ആകണം എന്നില്ല. ഇനി ഒരു ദുരന്തമുണ്ടാകുമ്പോൾ പണ്ട് പറഞ്ഞതെല്ലാം വീണ്ടും പറയും. പിന്നെ എല്ലാം പഴയപടി. അടുത്ത ഒരു ദുരന്തത്തിനായി കാത്തിരിക്കാം.
(കേരളത്തിൽ സമീപകാലത്തുണ്ടായ ഗ്യാസ് ടാങ്കർ അപകടങ്ങളെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി എഴുതിയത്)